കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ എൽഡിഎഫ് കൈവിട്ടാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയെ പോലൊരു ഇടത്പക്ഷ പാർട്ടി ചിലത് പറയുമ്പോൾ അതിനകത്ത് എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്. സിപിഎമ്മിന് സിപിഐയെ അനുനയിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾക്ക് പരിഹാരം കാണാതെ മുന്നോട്ടുപോയാൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.
മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ചർച്ച ചെയ്യാതെ ഒരു തീരുമാനം എടുക്കുമ്പോൾ ആ തീരുമാനത്തോട് വിയോജിപ്പുള്ള ഘടകകക്ഷികൾ വിഘടിച്ചുപോകും. ഈ അവസ്ഥയിൽ സിപിഐയ്ക്ക് മുന്നണിയിൽ തുടരാൻ സാധിക്കില്ല. ഭരിക്കുന്ന ഘടകകക്ഷികൾക്കിടയിൽ ഐക്യം വേണം. എന്നാലല്ലേ എല്ലാം നല്ലനിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. മുന്നണിവിട്ട് സിപിഐ വന്നാൽ നമ്മൾ നൂറ് ശതമാനം സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.കെപിസിസി യോഗങ്ങൾ നടക്കേണ്ടതെല്ലാം നടക്കുന്നുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു. പുനഃസംഘടനയിൽ വളരെ തൃപ്തനാണ്. 140 സെക്രട്ടറിമാരെയൊക്കെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിവെക്കുമോ?. എല്ലാം വെറുതെ പറയുന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.