കണ്ണൂർ: സംഘപരിവാർ, കോർപ്പറേറ്റ് അജണ്ടകളിൽ അകപ്പെട്ടുപോയ ജനങ്ങൾക്ക് നേർവഴികാട്ടാൻ എഐ ടി യു സി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് എഐ ടി യു സി സംസ്ഥാന സെക്രട്ടറി സി പി മുരളി പറഞ്ഞു.എഐടിയുസി സ്ഥാപക ദിനാചരണവും ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കോർപ്പറേറ്റ് വാഴ്ച അരക്കെട്ടുറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഹിന്ദുമതത്തിന്റെ പേരിൽ ആർ എസ് എസ് നേതൃത്വം നൽകുന്ന ബി ജെ പി സർക്കാർ കോർപ്പറേറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നു. ഭരണത്തിൽ കയറിയത് മുതൽ ഇവർ ഇതിനായി പരിശ്രമിക്കുന്നു. വിദ്യാഭ്യാസ നയം, തൊഴിൽ നയം തുടങ്ങിയവയെല്ലാം മാറ്റിയെടുക്കാനും പിന്തിരിപ്പനും അപകടകരമായ സ്ഥിതി വിശേഷം ഉണ്ടാക്കാനും മോദി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ചരിത്രത്തെ വളച്ചൊടിക്കുന്നു, മാധ്യമങ്ങളെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയും വിലക്കെടുക്കുന്നു.
ഇതിനെ കുറിച്ച് കമ്മ്യുണിസ്റ്റ് പാർട്ടി മുൻകൂട്ടി മനസിലാക്കിയിട്ടുണ്ട്. വിപ്ലവബോധത്തെയും യുക്തിചിന്തയെയും നശിപ്പിക്കാനുള്ള ആർ എസ് എസ് പരിശ്രമത്തെ എന്ത് വില കൊടുത്തും എതിർക്കും. സംഘപരിവാറിനെതിരെയും കോർപ്പറേറ്റ് വത്കരണത്തിനെതിരെയും സിംഹ ഗർജനം നടത്തിയ നേതാവാണ് ഗുരുദാസ് ദാസ് ഗുപ്തയെന്നും അദ്ദേഹം പറഞ്ഞു. ബാലറാം സ്മാരകത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി രവീന്ദ്രൻ, ടി പ്രീത, അഡ്വ. വി ഷാജി, ടി കെ സീന, സി വിജയൻ, ടി വി നാരായണൻ എന്നിവർ പ്രസംഗിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ അധ്യക്ഷനായി. സെക്രട്ടറി കെ ടി ജോസ് സ്വാഗതം പറഞ്ഞു. കണ്ണൂർ മണ്ഡലം സെക്രട്ടറി എം അനിൽ കുമാർ നന്ദി പറഞ്ഞു.
 
  
  
 