കണ്ണൂർ:യുവകലാസാഹിതി പറവൂർ താലൂക്ക് കമ്മിറ്റി സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ 16ാ മത് കേസരി പുരസ്കാരം മാധവൻ പുറച്ചേരിയുടെ “ഉച്ചിര” എന്ന കവിത സമാഹാരത്തിന് ലഭിച്ചു. പറവൂർ പ്രസ്സ് ക്ലബ്ബിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ധീരനായ പത്രപ്രവർത്തകനും ചിന്തകനും ഗവേഷകനും ആയിരുന്ന കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിർത്തുന്നതിനായി 1997 ലാണ് യുവകലാസാഹിതി പറവൂർ താലൂക്ക് കമ്മിറ്റി കേസരി പുരസ്കാരത്തിന് തുടക്കം കുറിച്ചത്.
2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചത്. അവാർഡ് നിർണ്ണയത്തിനായി ലഭിച്ച 51 കവിത സമാഹാരങ്ങളിൽ നിന്നും പ്രശസ്ത സാഹിത്യകാരന്മാരായ ആലങ്കോട് ലീലാ കൃഷ്ണൻ, ഡോ. സുനിൽ പി ഇളയിടം ഡോ. വത്സലൻ വാതുശ്ശേരി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് മാധവൻ പുറച്ചേരിയുടെ “ഉച്ചിര” കവിതാ സമാഹാരം പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
ഈ വർഷത്തെ കേസരി അവാർഡിന് പരിഗണിക്കപ്പെട്ട കാവ്യഗ്രന്ഥങ്ങൾ പൊതുവേ ഉയർന്ന നിലവാരം പുലർത്തി. പരമ്പരാഗതമായ കാവ്യസംസ്കാരത്തിൻ്റെ തുടർച്ചയായി നിൽക്കുമ്പോഴും ഏറ്റവും പുതിയ കാവ്യ ഭാവുകത്വങ്ങളെ സ്വാംശീകരിക്കാനും പുതിയ ലോകാനുഭവങ്ങളോട് സംവദിക്കാനും ഈ കാവ്യങ്ങൾക്ക് അനായാസം സാധിക്കുന്നതായി അവാർഡ് നിർണ്ണയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇരുത്തം വന്ന എഴുത്ത് എന്ന വിശേഷണത്തിന് അർഹമാണ് ഈ സമാഹാരത്തിലെ കവിതകൾ. ആന്തരികമായ കരുത്തും രചനാപരമായ കൈയടക്കവുമുള്ള ഈ കവിതകൾ മലയാള കവിതാ ചരിത്രത്തിൽത്തന്നെ തനതായ ഇടം അർഹിക്കുന്നുണ്ട് എന്നും അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
11,111 രൂപയും പ്രശസ്തി പത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്. മാധവൻ പുറച്ചേരി കണ്ണൂർ ജില്ലയിലെ പുറച്ചേരിയിൽ ആണ് ജനിച്ചത്.അച്ഛൻ വി. ഇ ഗോവിന്ദൻ നമ്പൂതിരി, അമ്മ ഗംഗ അന്തർജനം. 1983 തൊട്ട് ആനുകാലികങ്ങളിൽ എഴുതിവരുന്നു. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് , എൻ വി കൃഷ്ണവാരിയർ അവാർഡ്, അങ്കണം അവാർഡ്, യുവകലാസാഹിതി വയലാർ പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, സഹോദരൻ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2025 ഡിസംബർ അവസാനവാരത്തിൽ പറവൂരിൽ വച്ച് നടക്കുന്ന കലാസാഹിത്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വച്ച് കേസരി പുരസ്കാരം നൽകി മാധവൻ പുറച്ചേരിയെ ആദരിക്കും. പത്രസമ്മേളനത്തിൽ യുവകലാസാഹിതി എറണാകുളം ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് വിനോദ് കൈതാരം, പറവൂർ താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് പ്രഥു. എൻ, സെക്രട്ടറി കെ.രത്നകുമാർ, എസ്. മണികണ്ഠൻ, കെ.സി രാജീവ്, സി. ആർ ബാബു എന്നിവർ സംസാരിച്ചു.