കൈതപ്രം കൈരളി കലാക്ഷേത്രം സുവർണ്ണ ജൂബിലി നവംബർ എട്ടിന് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും

06:58 PM Nov 06, 2025 | AVANI MV

 പിലാത്തറ:  കണ്ണൂർജില്ലയിലെ പ്രശസ്തമായ വായനശാലയായകൈതപ്രം പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ ഉപവിഭാഗമായ കൈരളി കലാക്ഷേത്രം പ്രവർത്തനരംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. കൈതപ്രത്തിന്റെ കലാപാരമ്പര്യത്തിന് പിൻബലമേകി നിലകൊള്ളുന്ന കൈരളി കലാക്ഷേത്രത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് നവംബർ എട്ടിന് തുടക്കമാകും. ജൂബിലി ആഘോഷ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്ര വർമ്മ നിർവ്വഹിക്കും. കൈതപ്രം ശ്രീ ഗോകുലം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ എം. ശിവശങ്കരൻ അധ്യക്ഷത വഹിക്കും. ഷാജി തലവിൽ മുഖ്യഭാഷണം നടത്തും. സിനിമാതാരം സജിത പള്ളത്ത് ജൂബിലി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യും. 

പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എ കെ നാരായണൻ സുവർണ്ണജൂബിലി പരിപാടികളുടെ വിശദീകരണം നടത്തും. വായനശാലാ പ്രസിഡണ്ട് എ കെ സുബ്രഹ്‌മണ്യൻ ആശംസകളർപ്പിക്കും. ജനറൽ കൺവീനർ എം രവി സ്വാഗതവും പ്രോഗ്രാംകമ്മിറ്റി ചെയർമാൻ എം പി ദാമോദരൻ നന്ദിയും പറയും. തുടർന്ന് കലാക്ഷേത്രം കലാകാരൻമാർ നയിക്കുന്ന സംഗീത സദസ്സ് അരങ്ങേറും. വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർണ്ണാടകസംഗീത കച്ചേരി, ക്ലാസ്സിക്കൽ നൃത്ത പരിപാടികൾ, കഥകളി ആട്ടക്കഥയുടെ അവതരണ ചർച്ച, നാടകരംഗത്തെ പരിണാമം സംബന്ധിച്ച സെമിനാറും നാടകശിബിരവും, പ്രശസ്ത നാടകങ്ങളുടെ പുനരവതരണം, മലയാള കവിതാ ശില്പശാല, പാരമ്പര്യ കലാരൂപങ്ങളും നാടൻ കലാരൂപങ്ങളും സംബന്ധിച്ച ചർച്ചാവേദി, വടക്കൻപാട്ടു സഭ, ഹിന്ദുസ്ഥാനി സംഗീത സദസ്സ്, സാഹിത്യ ചർച്ച, കൃഷി അനുബന്ധ പാട്ടുകൾ, ലളിതഗാന സദസ്സ്, നാടൻപാട്ടുമേളം തുടങ്ങിയവ വിവിധ മാസങ്ങളിലായി നടക്കും.

 സുവർണ്ണ ജൂബിലി ആഘോഷം 2026 നവംബറിൽ സമാപിക്കും. പിലാത്തറ പ്രസ് ഫോറത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം. ശിവശങ്കരൻ, ജനറൽ കൺവീനർ എം രവി, വായനശാലാ പ്രസിഡണ്ട് എ കെ സുബ്രഹ്‌മണ്യൻ, സെക്രട്ടറി പ്രശാന്ത്ബാബു കൈതപ്രം, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി എ കെ നാരായണൻ, പ്രചരണ കമ്മിറ്റി ചെയർമാൻ ശങ്കരൻ കൈതപ്രം എന്നിവർ പങ്കെടുത്തു.

Trending :