കണ്ണൂർ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ എ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ തെക്കി ബസാർ - കക്കാട് റോഡ് തകർന്നു. കോർ ജാൻ സ്കൂൾ സ്റ്റോപ്പിന് മുൻപിലെ റോഡിൽ വലിയ ഗർത്തം തന്നെ രൂപപ്പെട്ടിരിക്കുകയാണ് മൂന്ന്. മാസങ്ങൾക്ക് മുൻപ് കരാറുകാർ അറ്റകുറ്റപ്പണി നടത്തിയ റോഡാണിത്. ഇപ്പോൾ പഴയതിനെക്കാൾ സ്ഥിതി മോശമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇളകിയ ജെല്ലിക്കല്ലുകൾ ബസുകളും മറ്റു വാഹനങ്ങളും പോകുമ്പോൾ തെറിക്കുമോയെന്ന ഭയം യാത്രക്കാർക്കുണ്ട്.
ഇതിന് തൊട്ടടുത്തു തന്നെയാണ് സ്കൂൾ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും നിൽക്കുന്ന ബസ് സ്റ്റോപ്പ് 'ഒരു വർഷം മുൻപ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് ഗുരുതരമായി പരുക്കേറ്റു മരണമടഞ്ഞിരുന്നു. പെരളശേരി മൂന്നു പെരിയ സ്വദേശിയായ യുവാവാണ് ദാരുണമായി മരിച്ചത്. ഈ സംഭവത്തിന് ശേഷം മഴ അൽപ്പം മാറിയപ്പോഴാണ് എം.എൽ.എ ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ചു റോഡിലെ കുഴികൾ കക്കാട് മുതൽ തെക്കി ബസാർ വരെ അടച്ചത്. എന്നാൽ മൂന്ന് മാസം കഴിയും മുൻപെ റോഡ് പഴയപടി യിലായിരിക്കുകയാണ്. കണ്ണൂരിൽ നിന്നും കുഞ്ഞി പള്ളി , പനങ്കാവ്, മുണ്ടയാട് ഭാഗങ്ങളിൽ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. ധാരാളം സ്കൂൾ ബസുകളും ഇതിലൂടെ പ്രതിദിനം കടന്നുപോകുന്നുണ്ട്.