കണ്ണൂർ: ചെങ്കൽ പണഉടമയിൽ നിന്നും ഫ്രിഡ്ജ് പാരിതോഷികമായി വാങ്ങിയ പൊലിസ് ഉദ്യോഗസ്ഥൻ വിജിലൻസ് പരിശോധനയിൽ കുടുങ്ങി. കണ്ണവം പൊലിസ് സ്റ്റേഷനിൽ മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ മലപ്പുറം സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥനാണ് ചെങ്കൽ ക്വാറി ഉടമയിൽ നിന്നും തൻ്റെ വാടക ക്വാർട്ടേഴ്സിലേക്ക് ഉപയോഗിക്കുന്നതിനായി ഫ്രിഡ്ജ് കൈക്കൂലി വാങ്ങിയത്.
ഇയാൾ ചെങ്കൽ ക്വാറി ഉടമകളിൽ നിന്നും പാരിതോഷികം വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതനുസരിച്ചു കഴിഞ്ഞ രണ്ടു ദിവസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ഫ്രിഡ്ജ് പിടിച്ചെടുത്തത്. ചെങ്കൽ ക്വാറി ഉടമയുടെ പേരിൽ വാങ്ങിയതിൻ്റെ ബില്ലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ പണം ഗൂഗിൾ പേ യായി രണ്ടു ദിവസം മുൻപെ നൽകിയിരുന്നുവെന്നാണ് കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ്റെ വിശദീകരണം. ഇതിനായുള്ള ഇടപാടുകളുടെ തെളിവും നൽകിയിട്ടുണ്ട്.
എന്നാൽ വിജിലൻസ് റെയ്ഡ് മണത്തറിഞ്ഞാണ് ഫ്രിഡ്ജിൻ്റെ പണം നൽകിയതെന്നാണ് വിവരം. പൊലിസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ബോധവൽക്കരണം നടത്തിവരുന്നതിനിടെയാണ് ചെങ്കൽ ക്വാറി ഉടമയിൽ നിന്നും ഫ്രിഡ്ജ് പാരിതോഷികമായി വാങ്ങിയ ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ കുടുങ്ങുന്നത്.