കണ്ണൂർ : കണ്ണൂർ കോർപറേഷനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തള്ളി മേയർ മുസ്ലിഹ് മഠത്തിൽ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമൃത് പദ്ധതിയുടെ ഭാഗമായി മരക്കാർ കണ്ടിയിൽ സ്ഥാപിക്കുന്ന നിർദ്ദിഷ്ട മാലിന്യ പ്ളാൻ്റ് പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല. ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതിക്കായി നിൽക്കുകയാണ്. നടപ്പിലാക്കാത്ത പദ്ധതിയെ കുറിച്ചുള്ള ആരോപണങ്ങളാണ് കെ.കെ.രാഗേഷ് ഉന്നയിക്കുന്നത്. 140 കോടിയുടെ പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നു വെന്നാണ് പറയുന്നത്. പദ്ധതിയുടെതായ രേഖകൾ കൃത്യമായി വായിച്ചു മനസിലാക്കാതെയാണ് കൈയ്യിൽ എന്തെങ്കിലും രേഖകൾ കിട്ടിയ ഉടൻ ആരോപണമുന്നയിക്കുന്നത്. 40 കോടിയുടെ പദ്ധതി ടെൻഡറിൽ 140 കോടിയായി മാറിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്ളിക്കൽ മിസ്റ്റേക്കാണ്.
പുതുതായി ചുമതലയേറ്റ ദിവസം തന്നെ അന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇതു അപ്ലോഡ് ചെയ്തത്. പിറ്റേ ദിവസം രാവിലെ 11 മണിയോടെ അതു തിരുത്തുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് കോർപറേഷൻ മേയറോ മറ്റുള്ളവരോയല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. നേരത്തെ മരക്കാർ കണ്ടി പദ്ധതി വാട്ടർ അതോറിറ്റിയെ ഏൽപ്പിച്ചതാണ്. വാട്ടർ അതോറിറ്റി നടപ്പിലാക്കിയ അമ്യത് പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട് റോഡ് റെസ്റ്റോറഷൻ പ്രവൃത്തികൾ അവർ പൂർത്തികരികാത്തതിനാലാണ് കൗൺസിലിൽ ഈ പദ്ധതി കോർപറേഷൻ ഏറ്റെടുക്കണമെന്ന നിർദ്ദേശം ഉയർന്നത്. ഇതു പ്രകാരമാണ് ഡി.ബി.ഒ.ടി മാതൃകയിൽ ചെയ്യാൻ തീരുമാനിച്ചത്. ഇതിനാലാണ് ഡി.ബി. ഒ.ടി മാതൃകയിൽ താൽപര്യപത്രം ക്ഷണിച്ചത്.നഗരസഞ്ചയപദ്ധതി പ്രകാരമുള്ള ഫണ്ട് സമയബന്ധിതമായി വിനിയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുമെന്നതിനാലാണ് അമൃത് പദ്ധതിയോടൊപ്പം ചേർത്ത് നടപ്പിലാക്കാൻ പദ്ധതി വിഭാവനം ചെയ്തത്. 22/05/2025ലെ 29/1 നമ്പർ കൗൺസിൽ യോഗ തീരുമാനപ്രകാരം എസ്.എൽ.ടി.സി അംഗീകാരത്തിന് അജൻഡ തയ്യാറാക്കുന്നതിന് അമൃത് മാനേജിങ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. 2025 മെയ് മാസം മുതൽ എസ് എൽ.ടി.സി നടക്കാത്തതുകൊണ്ടു ടെൻഡർ നടപടിയുമായി മുൻപോട്ടു പോകാൻ 8/07/2025ലെ അമൃത് പദ്ധതി എം. ഡി യുടെ കത്ത് ലഭിച്ചു.
എസ്. എൽ.ടി.സി വന്നതിനു ശേഷം മാത്രമേ എഗ്രിമെൻ്റ് വയ്ക്കാൻ പാടുള്ളുവെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടി കഴിത്ത് ഭരണാനുമതി എസ്. എൽ.ടി.സിക്ക് മുൻപാകെ സമർപ്പിച്ചത്. കോയ ആൻഡ് കമ്പിനി കോഴിക്കോട് കോർപറേഷനിൽ ഈ മാതൃകയിലുള്ള പദ്ധതി നടത്തുന്നതിനായി കരാറെടുത്തതാണ്. അവിടെഎൽ.ഡി.എഫാണ് ഭരിക്കുന്നത്. അവിടെ ഞങ്ങൾക്ക് അതാവാം ഇവിടെ പറ്റില്ലെന്ന് പറയുന്നത് ശരിയാണോയെന്നും മേയർ ചോദിച്ചു. ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കമ്പിനിയായ എൽ.സി ഇൻഫ്ര ഓൺലൈനായാണ് പ്രസൻ്റേഷൻ നടത്തിയത്. കോയ ആൻഡ് കമ്പിനി പ്രതിനിധികൾ നേരിട്ടും പങ്കെടുത്തു. ടെക്നിക്കൽ കമ്മിറ്റി ഉന്നയിച്ച പല കാര്യങ്ങൾക്കും എൽസി ഇൻഫ്രയ്ക്കു മതിയായി മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. നിശ്ചിത സമയം അനുവദിച്ചിട്ടും കമ്പിനി സമർപ്പിച്ച ലേഔട്ടിൽ കളക്ഷൻ ടാകും സ്റ്റോറേജ് ടാങ്കും പരസ്പരം വേർപ്പെടുത്തി തിരുത്തി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായിട്ടില്ല. ഇതിനാലാണ് കോയ ആൻഡ് കമ്പിനിയുടെ ടെക്നിക്കൽ ബിഡ് അംഗീകരിക്കാൻ ശുപാർശനൽകിയതെന്നും മേയർ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധമുള്ള കമ്പിനി പദ്ധതി നടത്താൻ താൽപര്യപെട്ടിരുന്നു. എന്നാൽ അവർ അതിനുള്ള യോഗ്യതയില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് രാജ്യത്തെ മുഴുവൻ കമ്പിനികളിൽ നിന്നും ടെൻഡർ വിളിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ദേശീയ പത്രങ്ങളിൽ ഇതിനു മുൻപായി 140 കോടിയുടെ പദ്ധതിയാണെന്ന് കാണിച്ചു പരസ്യം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഇത്തരം കാര്യങ്ങളിൽ അനധികൃതമായി ഇടപെട്ടതിനാലാണ് രാഗേഷിന് ഇതിൽ അഴിമതി തോന്നുന്നത്. തെരഞ്ഞെടുക്കപ്പെട്ട് ഒരു അധികാരസ്ഥാനങ്ങളിലും രാഗേഷ് എത്തിയിട്ടില്ല. മാനേജ്മെൻ്റ് ക്വാട്ടയിലാണ് എംപിയായതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായതും ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായതും. ജീവിതത്തിൽ ഇന്നേവരെ ഒരു തൊഴിലും ചെയ്യാത്ത കെ.കെ.രാഗേഷിൻ്റെ സ്വത്തു വിവരം വെളിപ്പെടുത്തണം. മുദ്രാപദ്ധതിയുടെ ഭാഗമായി മുണ്ടേരി സ്കൂളിൽ പൊതുതാൽപര്യ ഫണ്ടുചെലവഴിച്ചു നടപ്പിലാക്കിയതിൻ്റെ കണക്കുകൾ അടുത്തു തന്നെ പുറത്തുവരുമെന്നും മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായഷാഹിന മൊയ്തീൻ, പിഷമീമ എന്നിവരും പങ്കെടുത്തു.