പഴയങ്ങാടി : സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സമയം ഡാൻസ് ചെയ്യാൻ കൂടെയുണ്ടായിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥിയെയും സുഹൃത്തുക്കളേയും ഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിൽ അധ്യാപകൻ ഉൾപ്പെടെ നാലു പേർക്കെതിരെ പഴയങ്ങാടി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പയ്യന്നൂർ ഏ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി തൃക്കരിപ്പൂർ തങ്കയത്തെ ഖദീജ മൻസിലിൽ വി പി ഫറാസിൻ്റെ പരാതിയിലാണ് സ്കൂളിലെ ഗസ്റ്റ് അധ്യാപകനായിരുന്ന ലിജോ ജോണിനുംകൂടെയുണ്ടായിരുന്ന മറ്റുമൂന്നു പേർക്കുമെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.
ഈ മാസം 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സ്കൂളിൽ നിന്നും ഈ മാസം5 ന് ടൂർ പോയ സമയത്ത് അടിമാലിയിൽ വെച്ച് പെൺകുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ പ്രതി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് സ്കൂൾ പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞ വിരോധത്തിൽ അധ്യാപകനായ ലിജോ ജോണും സുഹൃത്തുക്കളും തന്ത്രത്തിൽ വിദ്യാർത്ഥികളെ വാടിക്കൽ പുഴക്കരയിൽ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പരാതിക്കാരൻ്റെ കൂടെയുണ്ടായിരുന്ന മുഹമ്മദിനെയും മുഹമ്മദ് റാസിയെയും പ്രതികൾ മട്ടലുകൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.