കണ്ണൂർ : കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സി പി എം - കോൺഗ്രസ്സ്-ലീഗ് അന്തർധാരയാണ് ഐക്യ ജനാധിപത്യ സംരക്ഷണസമിതിയുടെ പരാജയത്തിന് കാരണമെന്ന് ചെയർമാൻ പി കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കോർപറേഷന്റെ അൻപത്തിയാറാം ഡിവിഷനിലെ പെട്ടിപൊട്ടിച്ചപ്പോൾ അതാണ് മനസ്സിലായതെന്നും പി.കെ രാഗേഷ് ആരോപിച്ചു.
കണ്ണൂർ കോർപറേഷനിൽ ഇക്കുറി തന്നെ ഇരുത്തില്ലെന്ന വാശിയിലായിരുന്നു സി.പി.എമ്മിലെയും കോൺഗ്രസിലെയും നേതാക്കൾ. അതിനായി താൻ മത്സരിച്ച പഞ്ഞിക്കൽ വാർഡിൽ സി.പി.എം കോൺഗ്രസ് സ്ഥാനാർത്ഥിക്കായി വോട്ടു മറിച്ചു നൽകി. അവിടെ സി.പി. എമ്മിനായി മത്സരിച്ചയാൾക്ക് സ്വാഭാവികമായും ലഭിക്കേണ്ട വോട്ടു പോലും ലഭിച്ചിട്ടില്ല.
കോർപറേഷനിൽനടന്ന അഴിമതികളെക്കുറിച്ച്ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതിനാണ് ഇവർ തന്നെ ഭയപ്പെടുന്നതെന്നും രാഗേഷ് പറഞ്ഞു. കോർപറേഷനിലെ അഴിമതിയിൽ യുഡിഎഫും എൽ ഡി എഫും ചേട്ടൻ ബാബ അനിയൻ ബാവ പോലെ കൂട്ടുകച്ചവടമാണ് നടത്തിയത്.
ജനങ്ങളോടൊപ്പം നിൽക്കാൻ ഒരു സ്ഥാനമാനങ്ങളും തനിക്ക് ആവശ്യമില്ലെന്നും കണ്ണൂരിലെ ജനങ്ങൾക്കാപ്പമുണ്ടാകുമെന്നും രാഗേഷ് പറഞ്ഞു. കോർപറേഷനിലെ അഴിമതികളെക്കുറിച്ച് ഇനിയും പുറത്തു നിന്നുംശബ്ദിച്ചു കൊണ്ടിരിക്കും. പകൽ കോൺഗ്രസ്സും രാത്രി ബിജെപിയുമായാണ് പലരും.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാത്തിരുന്ന് കാണാമെന്നും രാഗേഷ് പറഞ്ഞു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസെടുത്ത കേസ് കെട്ടിച്ചമച്ചതാണ് കൃത്യമായി ഇൻകംടാക്സ് അടക്കുന്നയാളാണ് താൻ.
വീട്ടിലെകക്കൂസിന്റെ ക്ലോസറ്റ് വാങ്ങിയ ബില്ലുകൾ വരെ എടുത്തു കൊണ്ടുപോയ ആ വിജിലൻസ് കേസ് നിലനിൽക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല ആരൊക്കെ എത്ര വലിയ കൂട്ടുകൂടിയാലും തന്നെ ഇല്ലാതാക്കാൻ കഴിയില്ല. കോൺഗ്രസിലെ സാധാരണ പ്രവർത്തകരുടെ പിൻതുണ തനിക്കുണ്ട്.
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുള്ളതുകൊണ്ടാണ് കണ്ണൂർ കോർപറേഷനിലും ജയിച്ചത്. കേരളത്തിലെ ഇടതുഭരണത്തിനെതിരെയുള്ള സുനാമിയാണ് ഇവിടെയും വീശിയടിച്ചത്. കണ്ണൂരിൽ ഒരു കൈക്കൊണ്ട് സി.പി എമ്മിനെ തലോടുകയും മറുകൈ ക്കൊണ്ട് ബി.ജെ.പിയെ വളർത്തുകയും ചെയ്യുന്ന ഇരട്ടമുഖമുള്ളവരാണ് ചില കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിൻ്റെ ഈറ്റില്ലമായ തളാപ്പ് ടെംപിൾവാർഡിൽ ബി.ജെ.പി ജയിച്ചത് അങ്ങനെയാണ്. താൻ മത്സരിച്ച 56 ഡിവിഷനിൽ 980 വോട്ടുകൾ ഉണ്ടായിരുന്ന സി.പിഎം ഈ തെരഞ്ഞെടുപ്പിൽ 522 വോട്ടുകളായി ചുരുങ്ങിയത് എങ്ങനെയെന്ന് നേതൃത്വം മറുപടി പറയണം. കണ്ണൂർ കോർപറേഷനിൽ നേരത്തെ തന്നെ സി.പി.എമ്മും കോൺഗ്രസും മുസ്ലീം ലീഗുമായി രഹസ്യധാരണയുണ്ട്. മാലിന്യ പ്ളാൻ്റ്, ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് തുടങ്ങി അഴിമതിയാരോപണങ്ങൾ ഉയർന്ന പദ്ധതികളിൽ ഇരു മുന്നണികളും ഒത്തുകളിക്കുകയാണ് ചെയ്തത്. 2005 ലെ വിവരാവകാശ നിയമം ആയുധമാക്കി താൻ കൗൺസിലിന് പുറത്തു നിന്നും പോരാടുമെന്നും പി.കെ രാഗേഷ് പറഞ്ഞു.
എം വി പ്രദീപ് കുമാർ, ഇപി മധുസൂദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.