ഉളിക്കൽ നുച്യാട് വീട്ടിൽ കയറി അലമാര കുത്തി തുറന്ന് 27 പവൻ്റെ ആഭരണങ്ങൾ കവർന്നു

01:29 PM Dec 19, 2025 | AVANI MV


ഇരിട്ടി : ഭർത്താവിനെ സ്വീകരിക്കാൻ ഭാര്യയും മകളും എയർപോർട്ടിൽ പോയ സമയത്ത് വീട്ടിലെ അലമാര കുത്തി തുറന്ന് മോഷ്ടാവ്27 പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി. ഉളിക്കൽ നുച്യാട് സെൻ്റ് ജോസഫ്സ് കന്യായ ചർച്ചിന് സമീപം താമസിക്കുന്ന നെല്ലിക്കൽ ഹൗസിൽ സിമിലി മോൾ ബിജുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 

18 ന് വ്യാഴാഴ്ച രാവിലെ 6 മണിക്കും വൈകുന്നേരം 6 മണിക്കുമിടയിലാണ് സംഭവം. യുവതിയും മകളും വിദേശത്ത് നിന്നും വരുന്ന ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കോഴിക്കോട് എയർപോർട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം.ഭിന്നശേഷിക്കാരനായ പിതാവ് വീട്ടിലുള്ളതിനാൽ മുൻവശം കതക് പൂട്ടാതെ പോയ സമയത്താണ് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 27 ലക്ഷം രൂപ വരുന്ന 27 പവൻ്റെ ആഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉളിക്കൽ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്.