+

100 കോടിക്ക് പിന്നാലെ പ്രൊമോ സോങ് റിലീസ്; അത് പാടില്ലെന്ന പക്ഷക്കാരനായിരുന്നു ഞാൻ, ചിത്രത്തിന്റെ മൊത്തം കളക്ഷനും പുറത്തു പറഞ്ഞുകേൾക്കുന്ന സംഖ്യകളും തമ്മിൽ വലിയ അന്തരമുണ്ട്- തരുൺ മൂർത്തി

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത 'തുടരും'  കളക്ഷൻ റെക്കോർഡുകൾ തിരുത്തി ചരിത്രം കുറിച്ച സിനിമയായിരുന്നു. ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെയാണ്, ആരാധകർ ഏറ്റെടുത്ത 'കൊണ്ടാട്ടം' എന്ന പ്രൊമോ സോങ് പുറത്തുവിട്ടത്. പിന്നീട് ആ ഗാനം തിയേറ്ററിൽ ചിത്രത്തിനൊപ്പം ചേർത്തു.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത 'തുടരും'  കളക്ഷൻ റെക്കോർഡുകൾ തിരുത്തി ചരിത്രം കുറിച്ച സിനിമയായിരുന്നു. ചിത്രം 100 കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെയാണ്, ആരാധകർ ഏറ്റെടുത്ത 'കൊണ്ടാട്ടം' എന്ന പ്രൊമോ സോങ് പുറത്തുവിട്ടത്. പിന്നീട് ആ ഗാനം തിയേറ്ററിൽ ചിത്രത്തിനൊപ്പം ചേർത്തു. ചിത്രത്തിന്റെ മൂഡിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു 'കൊണ്ടാട്ടം' എന്ന് പേരിട്ട പാട്ട്. എന്നാൽ, അങ്ങനെ പാട്ട് പുറത്തിറക്കാൻ പാടില്ലെന്ന പക്ഷക്കാരനായിരുന്നു താൻ എന്ന് പറയുകയാണ് സംവിധയാകൻ തരുൺ മൂർത്തി ഇപ്പോൾ. ചിത്രത്തിന്റെ മൊത്തം കളക്ഷനും പുറത്തു പറഞ്ഞുകേൾക്കുന്ന സംഖ്യകളും തമ്മിൽ വലിയ അന്തരമുണ്ടെന്നും സംവിധായകൻ ക്ലബ് എഫ്എം മോളിവുഡ് ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിൽ പറഞ്ഞു.

'ട്രേഡ് അനലിസ്റ്റുകൾ പറയുന്നത് 100 ശതമാനം ശരിയാണോ?', എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരുൺ മൂർത്തി. 'അല്ല', എന്നായിരുന്നു തരുണിന്റെ നേരിട്ടുള്ള ഉത്തരം. തുടർന്നാണ് ചിത്രത്തിന്റെ കളക്ഷനും പ്രൊമോ സോങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു പറഞ്ഞത്.

'കോടി ക്ലബ്ബ് നേട്ടങ്ങൾ പുറത്തുവിടേണ്ടതില്ല എന്നായിരുന്നു 'തുടരും' ഇറങ്ങിയപ്പോഴുള്ള തീരുമാനം. എന്തെങ്കിലും നാഴികകല്ലുകൾ പിന്നിട്ടാൽ വെളിപ്പെടുത്താം എന്നും തീരുമാനിച്ചു. ഒരു സാഹചര്യത്തിൽ പ്രൊമോ സോങ് തിയേറ്ററിൽ വേണമെന്ന് കാമ്പയ്ൻ ഉണ്ടായി. പ്രൊമോ സോങ്ങിന്റെ ഔട്ട് തീരുമാനമായ അതേദിവസമാണ്, 100 കോടി ക്ലബ്ബിൽ ചിത്രം കയറുന്നത്. 100 കോടി ക്ലബ്ബിന്റെ ആഘോഷം പോലെ പ്രൊമോ സോങ് റിലീസ് ചെയ്തു. അത് ചെയ്യാൻ പാടില്ലായിരുന്നുവെന്ന പക്ഷക്കാരനാണ് ഞാൻ. ആരാധർക്കുവേണ്ടിയോ അന്നത്തെ സന്തോഷത്തിന് വേണ്ടിയോ അങ്ങനെ ചെയ്തു. പിന്നീട് കോടി ക്ലബ്ബുകളെക്കുറിച്ച് ഞാനോ നിർമാതാവ് രഞ്ജിത്ത് ഏട്ടനോ കാര്യമാക്കിയിരുന്നില്ല'-തരുൺ പറഞ്ഞു.

'കോടി ക്ലബ്ബുകൾക്കുപരി ആളുകളുടെ ഇഷ്ടം നേടുക എന്നതായിരുന്നു ലക്ഷ്യം. ആളുകൾ മോഹൻലാലിനേയും ചിത്രത്തേയും ഇഷ്ടപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ പരിഗണന. 'കോടികളല്ല തരുണേ, ആളുകളുടെ ഇഷ്ടം വേണം', എന്ന് രഞ്ജിത്തേട്ടൻ ചിത്രത്തിന്റെ മിക്‌സിങ് ഘട്ടത്തിൽ എന്നോട് പറഞ്ഞിരുന്നു. അതിനുവേണ്ടി ഞാൻ കൊതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ധൈര്യം തന്നു. എന്നാൽ, മറ്റൊരു ഘട്ടത്തിൽ 100 കോടി പ്രൊഡ്യൂസർ ഷെയർ ലഭിക്കുകയും നിർമാതാക്കളുടെ സംഘടനയിൽ ഉൾപ്പെടെ അത് ചർച്ചയാവുകയും ചെയ്തപ്പോൾ രഞ്ജിത്തേട്ടൻ വലിയ ആവേശത്തോടെ എന്നെ വിളിച്ചു. മലയാളത്തിലേക്ക് ഇനിയും ഫണ്ടേഴ്‌സ് വരട്ടെ, നമുക്ക് അത് പുറത്തുവിടാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ അത് അറിയിച്ച് പോസ്റ്റ് ഇട്ടു'- തരുൺ വെളിപ്പെടുത്തി.

'എന്നാൽ, ഞങ്ങളുടെ പോസ്റ്റിന് കീഴിൽ പൂക്കുറ്റി തെറികളായിരുന്നു. '70 കോടിയേ എത്തിയുള്ളൂ, നീ 30 കോടി വെള്ളം ചേർത്തല്ലേ' എന്നായിരുന്നു ചോദ്യം. വെറുതേ എന്തിനാണ് ലാലേട്ടനും കൂടെ തെറിവിളി കേൾപ്പിക്കുന്നത് എന്നോർത്ത്, അദ്ദേഹത്തോട് പോസ്റ്റ് ഷെയർ ചെയ്യേണ്ടെന്ന് പറഞ്ഞു. നമ്മൾ എന്തേലും വെള്ളം ചേർത്തതാണോ എന്ന് ഞാൻ രഞ്ജിത്തേട്ടനെ വിളിച്ചുചോദിച്ചു. എനിക്ക് വന്നതല്ലേ തരുണേ പറയാൻ പറ്റുള്ളൂ എന്നദ്ദേഹം തിരിച്ചുചോദിച്ചു'- തരുൺ പറഞ്ഞു.

'ഞങ്ങളുടെ കണക്കിനെ സംശയത്തിൽ നിർത്തുന്നതാണെന്ന് പറഞ്ഞ് ട്രേഡേഴ്‌സ് മെസേജ് അയച്ചു. നഗരങ്ങളേക്കാൾ കൂടുതലായി ഗ്രാമപ്രദേശങ്ങളിലാണ് ചിത്രത്തിന് കൂടുതൽ കളക്ഷൻ വന്നത്. ബുക് മൈ ഷോയിൽ ഇല്ലാത്ത തിയേറ്ററുകളുണ്ട്. അവർ പറഞ്ഞ കണക്കുകളും നമ്മുടെ കണക്കുകളും തമ്മിൽ ആനയും ആടും തമ്മിലെ അന്തരമുണ്ട്. ഞാൻ മനസിലാക്കിയതുപ്രകാരം 'തുടരും' സിനിമയുടെ കളക്ഷനും പുറത്തുകേൾക്കുന്ന കണക്കിലും തമ്മിൽ വ്യത്യാസമുണ്ട്. കൂടുതലാണെന്നാണ് രഞ്ജിത്തേട്ടൻ പറയുന്നത്'- സംവിധായകൻ കൂട്ടിച്ചേർത്തു.

facebook twitter