+

നീറ്റും സിവില്‍ സര്‍വീസും എഴുതിയെങ്കിലും കിട്ടിയില്ല, ഇപ്പോള്‍ 72 ലക്ഷം രൂപ ശമ്പളത്തില്‍ മറ്റൊരു ജോലി, കഠിനാധ്വാനത്തിലൂടെ ഗ്രാമീണ പെണ്‍കുട്ടി നേടിയ വിജയകഥ ഇങ്ങനെ

കര്‍ണാടകയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ കൊടൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഋതുപര്‍ണ കെ.എസ്. എന്ന ഇരുപതുകാരി തുടര്‍തോല്‍വികളെല്ലാം കഠിനധ്വാനത്തിലൂടെ മറികടന്ന് വമ്പന്‍ ശമ്പളത്തില്‍ ലോകോത്തര കമ്പനിയില്‍ ജോലി നേടി.

ന്യൂഡല്‍ഹി: കര്‍ണാടകയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ കൊടൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഋതുപര്‍ണ കെ.എസ്. എന്ന ഇരുപതുകാരി തുടര്‍തോല്‍വികളെല്ലാം കഠിനധ്വാനത്തിലൂടെ മറികടന്ന് വമ്പന്‍ ശമ്പളത്തില്‍ ലോകോത്തര കമ്പനിയില്‍ ജോലി നേടി.

NEET, UPSC തുടങ്ങിയ പ്രശസ്തമായ പരീക്ഷകളില്‍ പരാജയപ്പെട്ടെങ്കിലും, തന്റെ ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന്, ലോകപ്രശസ്തമായ റോള്‍സ് റോയ്‌സ് കമ്പനിയില്‍ വാര്‍ഷിക ശമ്പളമായി 72.3 ലക്ഷം രൂപയുള്ള ജോലിയാണ് ഋതുപര്‍ണ സ്വന്തമാക്കിയത്. ഇതോടെ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണ വിഭാഗത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി അവര്‍ മാറി.

സെന്റ് ആഗ്‌നസ് സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ഋതുപര്‍ണ്ണ, MBBSന് വേണ്ടി NEET പരീക്ഷ എഴുതി. എന്നാല്‍, സര്‍ക്കാര്‍ മെറിറ്റ് സീറ്റ് നേടാനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട്, UPSC പരീക്ഷയിലൂടെ ഒരു ഉദ്യോഗസ്ഥയാകാന്‍ ശ്രമിച്ചെങ്കിലും, അതും വിജയിച്ചില്ല. ഈ പരാജയങ്ങള്‍ അവരെ തളര്‍ത്തിയെങ്കിലും, പിതാവിന്റെ പ്രോത്സാഹനം പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു. 2022-ല്‍, CET വഴി മംഗലാപുരത്തെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ വിഭാഗത്തില്‍ ചേര്‍ന്നു.

കോളേജില്‍ ചേര്‍ന്ന ആദ്യ ദിനം മുതല്‍, ഋതുപര്‍ണ പുതിയ അവസരങ്ങള്‍ തേടി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ അവരില്‍ റോബോട്ടിക്‌സിനോടും ഓട്ടോമേഷനോടും താല്‍പര്യം ജനിപ്പിച്ചു. ഒരു സുഹൃത്തിനൊപ്പം, സുപാരി കര്‍ഷകര്‍ക്കായി കീടനാശിനി തളിക്കാനും വിളവെടുപ്പിനും ഉപയോഗിക്കാവുന്ന ഒരു ഡിറ്റാച്ചബിള്‍ റോബോട്ട് നിര്‍മ്മിച്ചു. ഈ പ്രോജക്ട് ഗോവയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സിംഗപ്പൂര്‍, ജപ്പാന്‍, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളി മെഡലുകള്‍ നേടി.

ലോകോത്തര അനുഭവം നേടാനുള്ള ആഗ്രഹത്തോടെ, ഋതുപര്‍ണ റോള്‍സ് റോയ്‌സില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷിച്ചു. ആദ്യം, കമ്പനി വിദ്യാര്‍ത്ഥിനിയുടെ കഴിവുകളെ സംശയിച്ചു. ഒരു മാസത്തിനുള്ളില്‍ ഒരു ടാസ്‌ക് പോലും പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഋതുപര്‍ണ ഒരു അവസരം ആവശ്യപ്പെട്ടു. ഇതോടെ ഒരു മാസത്തെ ഡെഡ്ലൈനോടെ അവര്‍ ഒരു ടാസ്‌ക് നല്‍കി. ആ ടാസ്‌ക് വെറും ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഋതുപര്‍ണ കമ്പനിയെ അത്ഭുതപ്പെടുത്തിയത്.

പിന്നീട്, എട്ട് മാസക്കാലം നീണ്ട കഠിനമായ ടാസ്‌കുകളും അഭിമുഖങ്ങളും നേരിട്ടു. യുകെയിലെ ജോലി സമയവുമായി ഒത്തുപോകാന്‍, രാത്രി 12 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്തു, ഒപ്പം ആറാം സെമസ്റ്ററിന്റെ പഠനവും കൈകാര്യം ചെയ്തു. 2024 ഡിസംബറില്‍, 39.6 ലക്ഷം രൂപയുടെ പ്രീ-പ്ലേസ്‌മെന്റ് ഓഫര്‍ വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചു. 2025 ഏപ്രിലില്‍, അവുടെ മികവ് കണക്കിലെടുത്ത്, കമ്പനി ശമ്പളം 72.3 ലക്ഷം രൂപയായി ഉയര്‍ത്തി.

ഋതുപര്‍ണയുടെ വിജയം, കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഏത് തടസ്സങ്ങളെയും മറികടക്കാമെന്നതിന്റെ തെളിവാണ്. ദക്ഷിണ കന്നഡയില്‍ നിന്ന് 15 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭിച്ച ഡിസി ഫെലോഷിപ്പ് പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥിനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഴാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം, ഋതുപര്‍ണ റോള്‍സ് റോയ്‌സിന്റെ ടെക്‌സസ്, യു.എസ്. യൂണിറ്റില്‍ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കും.

facebook twitter