
യൂത്ത് കോണ്‍ഗ്രസ് കൊള്ള സംഘത്തിന്റെ പാഠശാലയെന്ന രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പ് ആരോപണത്തിലാണ് വിമര്‍ശനം. മലയാളി യുവ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നതെന്ന് ദേശാഭിമാനി വിമര്‍ശിച്ചു.
'രണ്ടര ലക്ഷം രൂപ പിരിക്കാനാണ് 140 നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 129 കമ്മിറ്റികളും പിരിവ് പൂര്‍ത്തിയാക്കി. നിര്‍ദേശിച്ച തുകയുടെ ഇരട്ടിയും അധിലധികവും പിരിച്ചെടുത്തു. ഇതിന് പുറമെ വ്യവസായികളില്‍ നിന്നും പ്രവാസികളില്‍ നിന്നും വന്‍ തുകകള്‍ വാങ്ങിയതും വാര്‍ത്തയായി. ഇതൊക്കെയുണ്ടായിട്ടും 88 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വാദം. കൊള്ളസംഘത്തിന്റെ പാഠശാലയായി യൂത്ത് കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു', എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
ധനസമാഹരണം നിര്‍ത്തിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നുണ്ടെങ്കിലും അതൊരു പച്ചക്കള്ളമാണെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗ് വയനാട് പുനരധിവാസത്തിനെന്ന പേരില്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നും അത് മാധ്യമങ്ങള്‍ നിസ്സാരമാക്കുകയാണെന്നും ദേശാഭിമാനി വിമര്‍ശിച്ചു.