+

1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ

1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. പുതിയ ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ ഇ.വി വാഹങ്ങളുടെ ചാർജിങ് അപര്യാപ്തത കുറക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവക്ക് പുറമെ പൊതുഗതാഗത സംവിധാനമായ ഇ.വി ബസുകൾക്ക് വരെ പുതിയ ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാം.

60kW മുതൽ 240kW വരെ കപ്പാസിറ്റിയുള്ള ചാർജിങ് സ്റ്റേഷനുകളാണ് പി.എം ഇ-ഡ്രൈവ് സ്‌കീം വഴി നിർമിക്കുന്നത്. ഇത് ദീർഘദൂര യാത്രകളിൽ പാസഞ്ചർ, വാണിജ്യ വാഹനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. 6,000ത്തിലധികം പൊതു ചാർജിങ് സ്റ്റേഷനുകളാണ് കർണാടകയിലുടനീളം നിലവിലുള്ളത്. പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് അപര്യാപ്തത ഒരു പരിധിവരെ കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംസ്ഥാന ഊർജ്ജ വകുപ്പ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ട ചില സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് ഡിപ്പോകൾ, ദേശീയ, സംസ്ഥാന ഹൈവേകൾ, ചരക്ക് വിതരണ കേന്ദ്രങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ 100 ശതമാനം വരെ സബ്സിഡി നൽകുന്നതിനാൽ സംസ്ഥാന സർക്കാറിന് ചെലവ് വളരെ കുറവായിരിക്കും.

പദ്ധതി സംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രഘന വ്യവസായ മന്ത്രാലയത്തിന് ഉടൻ സമർപ്പിക്കുമെന്ന് ബെസ്‌കോം മാനേജിങ് ഡയറക്ടർ എൻ. ശിവശങ്കര പറഞ്ഞു. പദ്ധതിയിൽ ട്രാൻസ്മിഷൻ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, കണ്ടക്ടറുകൾ എന്നിവയ്ക്ക് 100 ശതമാനം വരെ സബ്സിഡി ലഭിക്കും. അതേസമയം മറ്റ് ഉപകരണങ്ങൾക്ക് 70 ശതമാനം വരെയും സബ്സിഡി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

facebook twitter