+

കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുന്ന കേവലം യൂനിറ്റുകൾ അല്ല : സിദ്ധരാമയ്യ

കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുന്ന കേവലം യൂനിറ്റുകൾ അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2025-26ലെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിദ്ധരാമയ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാനങ്ങളെ വരുമാനം ഉണ്ടാക്കുന്ന യൂണിറ്റുകളായി മാത്രം

ബംഗളൂരു: കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുന്ന കേവലം യൂനിറ്റുകൾ അല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2025-26ലെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സിദ്ധരാമയ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാനങ്ങളെ വരുമാനം ഉണ്ടാക്കുന്ന യൂണിറ്റുകളായി മാത്രം കണക്കാക്കരുത്. പകരം, കേന്ദ്ര സർക്കാർ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോട് സഹാനുഭൂതിയോടെ പ്രതികരിക്കണം. കർണാടക സംസ്ഥാനത്തിന് വേണ്ടി 2025-26ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സമർപ്പിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

കർണാടകയോടുള്ള കേന്ദ്ര സർക്കാറിന്‍റെ വിവേചനപരമായ സമീപനം എല്ലാവർക്കും അറിയാം. നമ്മുടെ ഫെഡറൽ സംവിധാനം ശക്തമാകണമെങ്കിൽ കേന്ദ്ര സർക്കാർ നീതിപൂർവകവും സുതാര്യവും വിവേചനരഹിതവുമായ നയം സ്വീകരിക്കണം. നികുതി വിഹിതം ഉൾപ്പെടെയുള്ള വിഭവങ്ങളുടെ വിതരണം ശാസ്ത്രീയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. പ്രത്യേകിച്ച് കർണാടകയെപ്പോലുള്ള മുൻനിര സംസ്ഥാനങ്ങളുടെ വികസന മുൻഗണനകൾ തിരിച്ചറിയുകയും വിഭവ വിഹിതം അവർക്ക് കൂടുതൽ അനുകൂലമാക്കുകയും വേണം. അവരുടെ ആവശ്യങ്ങൾ ക്രിയാത്മകമായി അഭിസംബോധന ചെയ്യുന്നത് രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും. ഈ സംസ്ഥാനങ്ങളുടെ പുരോഗതി രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വളർച്ചക്ക് സംഭാവന ചെയ്യുന്നു.

ഈ സാഹചര്യത്തിൽ കർണാടക നേരിടുന്ന ആവർത്തിച്ചുള്ള അനീതികൾ ഞങ്ങളുടെ സർക്കാർ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും അവ പരിഹരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. 2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ഞങ്ങൾ ആവശ്യങ്ങളുടെ പട്ടിക കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന സെസിൽ നിന്നും സർചാർജുകളിൽ നിന്നും കർണാടകക്ക് അർഹമായ വിഹിതം നിഷേധിക്കുകയാണ്. മൊത്തം നികുതികളിലെ സെസിന്‍റെയും സർചാർജുകളുടെയും വിഹിതം 2010-11ൽ 8.1 ശതമാനത്തിൽ നിന്ന് 2024-25ൽ 14 ശതമാനമായി വർധിച്ചു. ഇത് കർണാടകയുടെ നികുതി വിഹിതം കുറച്ചു. കൂടാതെ, കേന്ദ്ര സഹായ ഗ്രാന്‍റുകൾ വർഷം തോറും കുറയുന്നു. അതിനാൽ, സെസും സർചാർജുകളും ഒന്നുകിൽ നിർത്തലാക്കുകയോ മൊത്തം നികുതി പൂളിൽ ചേർക്കുകയോ സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയോ വേണം.

സേവന നികുതി പരിധി 1985 മുതൽ മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളായി സാമ്പത്തിക വളർച്ച കണക്കിലെടുത്ത്, പരമാവധി സേവന നികുതി പരിധി ഉയർത്താൻ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. മിനിമം താങ്ങുവില (എം.എസ്.പി) പദ്ധതി പ്രകാരം 2,461.49 കോടി രൂപയാണ് കേന്ദ്ര സർക്കാർ കർണാടകക്ക് നൽകാനുള്ളത്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ കർഷകർക്ക് ട്രഷറിയിൽ നിന്ന് പണം നൽകിയിട്ടുള്ളതിനാൽ ഈ കെട്ടിക്കിടക്കുന്ന തുക ഉടൻ അനുവദിക്കണം.

2023ൽ കർണ്ണാടകയിലെ 236 താലൂക്കുകളിൽ 223 എണ്ണവും വരൾച്ച നേരിടുകയും 48 ലക്ഷം ഹെക്ടറിനെ ബാധിക്കുകയും 35,162 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. ദുരിതാശ്വാസമായി 18,171 കോടി രൂപ ആവശ്യപ്പെട്ടിട്ടും എൻ.ഡി.ആർ.എഫിൽ നിന്ന് 3,454 കോടി രൂപ മാത്രമാണ് കർണാടകക്ക് ലഭിച്ചത്. 2024ലെ വെള്ളപ്പൊക്കത്തിൽ ബംഗളൂരുവിന് കനത്ത നഷ്ടമുണ്ടായെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.

ദേശീയ ദുരന്ത പ്രതികരണ നിധിയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്ത പ്രതികരണ നിധിയും (എസ്.ഡി.ആർ.എഫ്) കർണാടകക്കുള്ള വിഹിതം തുടർച്ചയായി അന്യായമാണ്. സുതാര്യവും സമയബന്ധിതവുമായ ദുരിതാശ്വാസ വിഹിതം ഉറപ്പാക്കാൻ എൻ.ഡി.ആർ.എഫ് പ്രക്രിയ പരിഷ്‌കരിക്കണം. വരൾച്ച ബാധിത സംസ്ഥാനങ്ങളെ മികച്ച രീതിയിൽ പിന്തുണക്കുന്നതിന് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണം.

റെയിൽവേ പദ്ധതികൾ കേന്ദ്ര ലിസ്റ്റിന് കീഴിലാണെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് ചുമത്തുന്നത്. നിലവിൽ ഭൂമി ഏറ്റെടുക്കലിന്‍റെ മുഴുവൻ ചെലവും നിർമാണ ചെലവിന്‍റെ 50 ശതമാനവും കർണാടകയാണ് വഹിക്കുന്നത്. നിർമാണച്ചെലവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള പകുതി ചെലവും കേന്ദ്രസർക്കാർ വഹിക്കുംവിധം ഇത് പരിഷ്കരിക്കണം. 2023 മാർച്ചിൽ 995.30 കോടി രൂപക്ക് അംഗീകരിച്ച മഹാദായി കലശ നള പദ്ധതി 26,925 ഹെക്ടർ വനഭൂമിയിൽ ഗോവയുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിക്കിടക്കുകയാണ്. ദേശീയ വന്യജീവി ബോർഡ്, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അനുമതികൾ വേഗത്തിലാക്കണം.28 ഹെക്ടർ വനഭൂമി ആവശ്യമുള്ള ബന്ദൂരി നാലാ വഴിതിരിച്ചുവിടൽ പദ്ധതിക്ക് കാലതാമസം കൂടാതെ അംഗീകാരം നൽകണം.

കൃഷ്ണ ജല തർക്ക ട്രിബ്യൂണൽ 2010ൽ 173 ടി.എം.സി ജലം കർണാടകക്ക് അനുവദിച്ചു. ഇതിൽ 130 ടി.എം.സി 51,148 കോടി രൂപയുടെ മൂന്നാം ഘട്ട കൃഷ്ണ അപ്പർ ബേസിൻ പദ്ധതിക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ട്രൈബ്യൂണൽ വിധി ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുന്നു. കേന്ദ്രം ഈ പ്രശ്‌നം വേഗത്തിൽ പരിഹരിക്കണം. ബംഗളൂരുവിൽ കുടിവെള്ളം എത്തിക്കുന്നതിനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്ത മേക്കേദാട്ട് പദ്ധതിക്ക് ഉടൻ കേന്ദ്രാനുമതി ലഭിക്കണം. കർണാടകയുടെ പശ്ചിമഘട്ട മേഖല സവിശേഷമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നു. വികസനത്തിനും സംരക്ഷണത്തിനുമായി കേന്ദ്രം അഞ്ച് വർഷം കൊണ്ട് 10,000 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.


 

facebook twitter