കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി തമിഴക വെട്രി കഴകം. മരിച്ച 39 പേരുടെ കുടുംബാംഗങ്ങള്‍ക്കാണ് ധനസഹായം കൈമാറിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. അപകടത്തിന് ശേഷം ഇതുവരെ വിജയ് കരൂരില്‍ എത്തിയില്ല. സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.
കരൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ ടിവികെ ദീപാവലി ആഘോഷങ്ങള്‍ ഒഴിവാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക ആഘോഷ പരിപാടികളുണ്ടാകില്ല. കരൂര്‍ ദുരന്തത്തില്‍ മരിച്ച 41 പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചാണ് ഇത്തവണ ദീപാവലി ആഘോഷങ്ങള്‍ വേണ്ട എന്ന് ടിവികെ തീരുമാനിച്ചത്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഇതുസംബന്ധിച്ച നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്കി. ടിവികെയുടെ പേരില്‍ സംസ്ഥാനത്ത് യാതൊരുവിധ ആഘോഷപരിപാടികളും വേണ്ട എന്നാണ് നിര്‍ദേശം.
കരൂരിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും എല്ലാമാസവും സഹായധനം നല്‍കുമെന്നും കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്നുമാണ് ടിവികെ പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്യുടെ റാലിയാണ് ദുരന്തത്തില്‍ കലാശിച്ചത്.