കാസർകോട് : കൂണ്‍ കൃഷിയുടെ വിവിധ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എസ്.എച്ച്.എം ആര്‍.കെ.വി.വൈ റാഫ്താര്‍ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പരപ്പ ഇടത്തോട് ന്യൂട്രി ബഡ്‌സ് മഷ്‌റൂം ഫാമില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കൂടുതല്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തേണ്ട ഒന്നാണ് കൂണ്‍ കൃഷി എന്ന് എംഎല്‍എ പറഞ്ഞു ശാസ്ത്രീയമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപെടുത്തി കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. ''എല്ലാവരും കൃഷിയിലേക്ക്'' എന്ന സര്‍ക്കാര്‍ പദ്ധതിയിലൂടെ സമസ്ത മേഖയിലും കൃഷിയുടെ പ്രാധാന്യം എത്തിക്കേണ്ടതിന്റെ ആവശ്യകതയും എം.എല്‍.എ പറഞ്ഞു.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷിവികാസ് യോജനയുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നൂറു ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍, രണ്ടു വന്‍കിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍, ഒരു കൂണ്‍വിത്ത് ഉത്പാദന യൂണിറ്റ്, മൂന്നു സംസ്‌കരണ യൂണിറ്റ്, രണ്ടു പാക്ക് ഹൗസുകള്‍, പത്തു കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകള്‍ എന്നിവ ചേര്‍ന്നതാണ് ഒരു കൂണ്‍ഗ്രാമം പദ്ധതി. പോഷക സമ്പന്നമായ കൂണുകള്‍ക്ക് ഇന്ന് ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും ആവശ്യക്കാരേറെയാണ്. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിയി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 20 ബ്ലോക്കുകളില്‍ കാസര്‍കോട് ജില്ലയിലെ പരപ്പ ബ്ലോക്കും ഉള്‍പ്പെടുന്നു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കൂണ്‍ കൃഷിയില്‍ വിജയഗാഥ നെയ്ത പി.സച്ചിന്‍ എന്ന യുവ സരംഭകന്റെ സാന്നിധ്യം കര്‍ഷകര്‍ക്ക് പ്രചോദനമായി. കൃഷിയില്‍ ബിരുദാനന്തരബിരുദ പഠനത്തിനുശേഷം കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് സച്ചിന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഇടത്തോട് ന്യൂട്രി ബഡ്‌സ് എന്ന പേരില്‍ ഒരു മഷ്‌റൂം ഫാം സ്ഥാപിക്കുന്നത്. ഇന്ന് ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങി പല സ്ഥലങ്ങളിലേക്കും ഇവിടെ നിന്നും കൂണ്‍ കയറ്റി അയക്കാറുണ്ട്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍ ജ്യോതി കുമാരി പദ്ധതി വിശദീകരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.രാഘവേന്ദ്ര, ബളാല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു. പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി. എസ് സുജിത മോള്‍ സ്വാഗതവും ബളാല്‍ കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍ നന്ദിയും പറഞ്ഞു