കാസർകോട് : കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിമുക്ത ക്യാമ്പേയിൻ 'കിക്ക് ഡ്രഗ്‌സ്' പ്രചരണ സന്ദേശ യാത്ര 2025 മെയ് അഞ്ചിന് കാസർകോട് നിന്ന് ആരംഭിക്കും. തുടർന്ന് 14 ജില്ലകളിലൂടെയും കടന്ന് മെയ് 22-ന് എറണാകുളം ജില്ലയിൽ അവസാനിക്കും. എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തോൺ, വാക്കത്തോൺ തുടങ്ങി വൈവിധ്യമാർന്ന പ്രചരണ പരിപാടികളാണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തുന്നത്. മെയ് അഞ്ചിന് ഉദുമ പാലക്കുന്ന് നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന മിനി മാരത്തോൺ മത്സരം ജില്ലാ പോലീസ് മേധാവി ഫളാഗ് ഓഫ് ചെയ്യും. മാരത്തോൺ കളക്ട്രേറ്റിൽ അവസാനിക്കും.
കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, ജില്ലാ കളക്ടർ, മറ്റു വകുപ്പ് മേധാവികൾ, കായിക പ്രതിഭകൾ, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്റ് ഗേയ്ഡ്‌സ്, എൻ.എസ്.എസ് ്കായിക അസോസിയേഷൻ, കുടുംബശ്രീ, സോഷ്യൽ ക്ലബ്ബുകൾ, ബഹുജന സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച്് കാസർകോട് കളക്ട്രേറ്റിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കാസർകോട് പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരുകയും തുടർന്ന് സംസ്ഥാനതല ലഹരി വിരുദ്ധ സന്ദേശ യാത്ര ഉദ്ഘാടനം നടക്കുകയും ചെയ്യും. ഉദുമ പാലക്കുന്ന് ആരംഭിക്കുന്ന മിനി മാരത്തോൺ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ള മത്സാർത്ഥികൾ രജിസ്‌ട്രേഷനുവേണ്ടി താഴെ പറയുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. https://registrations.Keralakayikakshamathamission.com.
സ്ത്രികൾക്കും പുരുഷൻമാർക്കും പ്രത്യേകം മത്സരം നടത്തപ്പെടുന്നു. ആദ്യ പത്ത് വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനം - 15,000 രൂപ, രണ്ടാം സ്ഥാനം - 10,000 രൂപ, മൂന്നാം സ്ഥാനം - 7,500 രൂപ, നാല് മുതൽ പത്ത് സ്ഥാനം നേടുന്നവർക്ക് ഓരോർത്തർക്കും 2,000 രൂപ വീതം മത്സരവിജയികൾക്ക് സമ്മാനതുക ലഭിക്കും. മിനി മാരത്തോൺ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ ആറ് മുതൽ സ്‌പോർട് രജിസ്ട്രഷൻ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9447037405, 9446292551.