കാസർഗോഡ് : പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ മുളിയാർ ഡിവിഷന് കീഴിലുള്ള ബാവിക്കരയിലെ എസ്റ്റേറ്റിലേക്ക് അപ്പോർട്ട്മെന്റിൽ നിന്നുള്ള മലിനജലം ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മുതലപ്പാറയിലെ അപ്പാർട്ട്മെന്റ് ഉടമയ്ക്ക് 15000 രൂപയും പി സി കെ സ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതിന് വ്യക്തിയിൽ നിന്ന് 5000 രൂപയും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴചുമത്തി.
പിസികെ യുടെ ഉടമസ്ഥതയിലുള്ള ജലസ്രോതസായി മാറേണ്ടുന്ന ചെങ്കൽപണകളിൽ കല്യാണ വീടുകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന പരാതിയിലുള്ള പരിശോധനയിൽ വ്യാപകമായി കത്തിച്ചത് ബോധ്യപ്പെട്ടതിനെ തുടർന്ന് മാനേജർക്ക് 5000 രൂപ പിഴ ചുമത്തി. ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും തൊഴിലുറപ്പ് പോലുള്ള പദ്ധതികളുമായി സഹകരിച്ച് ചെങ്കൽ പണകൾ ജലസംരക്ഷണ ഉപാധിയായി മാറ്റുന്നതിനും മാനേജർക്ക് നിർദ്ദേശം നൽകി.
എട്ടാം മൈലിലെ സർവീസ് സെന്ററിൽ നിന്നുള്ള ഉപയോഗജലം പൊതുസ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും അപ്പാർട്ട്മെന്റിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനും കെട്ടിട ഉടമകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ സജിത എം, സ്‌ക്വാഡ് അംഗം ഫാസിൽ ഇ കെ എന്നിവർ പങ്കെടുത്തു.