ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' 2.0; ഏകോപന സമിതി യോഗം ചേർന്നു

08:16 PM Jun 13, 2025 | AVANI MV

കാസർകോട് :  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാൻസർ പ്രതിരോധ ജനകീയ കാമ്പയിനായ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു. പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്ന വദനാർബുദം, വൻകുടൽ കാൻസർ എന്നിവ കേന്ദ്രീകരിച്ചാണ് ഈ ഘട്ടം നടപ്പിലാക്കുന്നത്. 2025 മെയ് 31, ലോക പുകയില വിരുദ്ധ ദിനം മുതൽ ആരംഭിച്ച ഈ കാമ്പയിൻ, ആറ് പ്രധാന ഘടകങ്ങളെയും 11 ഇനം പരിപാടികളെയും അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്. 

പുകയിലക്കെതിരെ ബോധവൽക്കരണം- പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക.

പുകയില നിയന്ത്രണ നിയമം, 2003 നടപ്പാക്കൽ- നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
വദനാർബുദ സ്ക്രീനിംഗ് , വദനാർബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുക.
വൻകുടൽ അർബുദ ബോധവൽക്കരണം- വൻകുടൽ കാൻസറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.
പുകയിലരഹിത വിദ്യാലയങ്ങൾ- സ്കൂളുകൾ പുകയില വിമുക്തമാക്കുക.
ടുബാക്കോ സെസേഷൻ ക്ലിനിക്കുകൾ. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായം നൽകുന്ന ക്ലിനിക്കുകൾ സ്ഥാപിക്കുക.

 കാമ്പയിന്റെ ഭാഗമായി മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും രണ്ടു ദിവസം വദനാർബുദത്തിന്റെയും വൻകുടൽ കാൻസറിന്റെയും സ്ക്രീനിംഗ് ക്യാമ്പുകൾ നടന്നുവരുന്നു. സംശയാസ്പദമായ കേസുകൾ തുടർപരിശോധനകൾക്കായി റഫർ ചെയ്യുന്നുണ്ട്. ജൂൺ മാസത്തിനുള്ളിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും പുകയിലരഹിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി, സ്ഥാപനങ്ങളിലെ പുകവലി നിരോധനം സംബന്ധിച്ച് അധ്യാപകർക്കും അനധ്യാപകർക്കും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നൽകും. നിയമപരമായ ബോർഡുകൾ സ്ഥാപിക്കുകയും സ്കൂളുകളുടെ 100 വാര പരിധിയിൽ പുകയില നിരോധനം പ്രാബല്യത്തിൽ വരുത്തുന്ന യെല്ലോ ലൈൻ സ്ഥാപിക്കുകയും ചെയ്യുന്നത് മൂന്നാം വാരത്തിനുള്ളിൽ പൂർത്തിയാക്കും. കാമ്പയിന്റെ ഭാഗമായി സെമിനാറുകൾ, ക്ലാസുകൾ, ഹ്രസ്വ വീഡിയോകൾ, പ്രമുഖ വ്യക്തികളുടെ ലഘു സന്ദേശ വീഡിയോകൾ എന്നിവ പുറത്തിറക്കി ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ മാസത്തിൽ രണ്ടു പ്രാവശ്യം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില നിയന്ത്രണ നിയമം, 2003 നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിശോധനകൾ നടത്തും.

എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ അടുത്ത മൂന്ന് മാസത്തേക്ക് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ വിശദമായ മാർഗ്ഗരേഖ ഒരാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ജില്ലാ കളക്ടറുടെ ചേംബറിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.