കാസർഗോഡ് : ബഷീർ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോൾ മങ്ങുന്നതിനു പകരം കൂടുതൽ വെളിച്ചമുള്ളതാ വുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ അംബികസുതൻ മാങ്ങാട് പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കലക്ടറേറ്റ് അക്ഷര ലൈബ്രറിയും വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ബഷീർ ചെറുകഥ പുരസ്കാര ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അംബികാസുതൻ.
ബഷീറിൻറെ കലയിലാകെ നിറഞ്ഞു തുളുമ്പുന്ന ഭൂതകാരുണിയാണ് ഇതിനു കാരണം. നല്ല ഒരു മനുഷ്യന് മാത്രമേ നല്ല ഒരു എഴുത്തുകാരൻ ആവാൻ കഴിയൂ എന്ന് ബഷീർ പലപ്പോഴും പറയാറുണ്ട്. ശബ്ദങ്ങളിൽ ബഷീർ ചോദിച്ചു നിങ്ങൾ എന്തെങ്കിലും സ്വന്തമായി ചെയ്ത് അതിന്റെ സുഖം അനുഭവിച്ചിട്ടുണ്ടോ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിൻറെ പൂവും കായും കാണുക, ഏതെങ്കിലും ഒരു പുതിയ സാധനം ഉണ്ടാക്കുക, ദാഹിച്ചു വരുന്ന ജീവിക്ക് വെള്ളം കൊടുക്കുക, വിശന്നുവരുന്ന മനുഷ്യന് ആഹാരം കൊടുക്കുക ഇങ്ങനെ. മാനവികതയെ ബഷീർ ഇങ്ങനെയെല്ലാമാണ് വിളംബരം ചെയ്തത്. ബഷീറിന് കേവലാനന്ദം ആയിരുന്നില്ല സാഹിത്യ രചന അതൊരു സൽപ്രവർത്തി ആയിരുന്നു. വെളിച്ചത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്ന കലകളിൽ ഏറ്റവും മേന്മയുള്ളത്.
വലിയ പുരസ്കാരങ്ങൾ ഒന്നും ബഷീറിന് ലഭിച്ചിട്ടില്ല. എന്നാൽ കാലം കഴിയുന്തോറും പുത്തനായി അനുഭവപ്പെടുന്ന ഗദ്യവും ആഖ്യാനവും ആണ് ബഷീർ നിർമ്മിച്ചത്. സർവ്വലോകത്തിനും സർവ്വ കാലത്തിനും വേണ്ടപ്പെട്ടവനും പ്രിയപ്പെട്ടവനുമാണ് ബഷീർ എന്ന് അംബികാസുതൻ പറഞ്ഞു. മനുഷ്യരെ മാത്രമല്ല മരങ്ങളെയും പക്ഷികളെയും പൂക്കളെയും പാമ്പുകളെയും സകല ചരാചരങ്ങളെയും അദ്ദേഹം സ്നേഹിച്ചു. ചുരുങ്ങി ചെറുതാവുന്നതിനു പകരം കാലം കഴിയുന്തോറും ബഷീർ വലുതായി കൊണ്ടിരിക്കുകയാണ്. കവിതയിൽ മഹാകവി പി യും കഥയിൽ വൈക്കം മുഹമ്മദ് ബഷീറും ഇരട്ട സഹോദരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ (ആർ ആർ ) കെ അജേഷ് അംബികാസുതൻ മാങ്ങാടിനെ ആദരിച്ചു. അസിസ്റ്റൻറ് എഡിറ്റർ എപി ദിൽന അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി . കളക്ടറേറ്റ് സീനിയർ ക്ലർക്ക് എം ഉദയപ്രകാശ് സംസാരിച്ചു. അക്ഷര ലൈബ്രറി സെക്രട്ടറി കെ മുകുന്ദൻ സ്വാഗതവും പ്രസിഡണ്ട് എ ആശാലത നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ പുരസ്കാരം ഇ കെ നിധീഷിനും ജൂറിയുടെ പ്രത്യേക പരാമർശനത്തിനുള്ള പുരസ്കാരം സുധീഷ് ചട്ടഞ്ചാലിനും അംബികാസുതൻ മാങ്ങാട് സമ്മാനിച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥികളുടെ മലയാളം, കന്നട വിഭാഗങ്ങളിൽ സാഹിത്യ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി.