കാസർകോട് : വിദ്യാഭ്യാസം എന്നത് കേവലം വിഷയ പഠനം മാത്രമല്ല മറിച്ച് ജീവിത പഠനം കൂടിയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച വിഷൻ 2030 ശില്പശാല ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാമ്പ്രദായിക വിദ്യാഭ്യാസ രീതിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആധുനിക വിദ്യാഭ്യാസ രീതി. തങ്ങളുടെ ഭരണകൂടത്തിന് ആവശ്യമായ ജീവനക്കാരെ ഉണ്ടാക്കുക എന്നത് മാത്രമായിരുന്നു കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാൽ കേവലം വിവരങ്ങൾ മനപ്പാഠം ആക്കുന്ന രീതിയിൽ നിന്നും മാറി കുട്ടികളെ വൈജ്ഞാനിക മണ്ഡലത്തിലേക്ക് ഉയർത്തുക എന്നതാണ് പുരോഗമന വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയ പഠനത്തോടൊപ്പം ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും കുട്ടികളെ പ്രാപ്തരാക്കണം ,ഓരോ വിദ്യാർത്ഥികളും സമൂഹത്തെയും ജനാധിപത്യ മത നിരപേക്ഷ സംസ്കാരത്തെയും അറിഞ്ഞു വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. വിവരം, അറിവ്, വിജ്ഞാനം, ജ്ഞാനം എന്നീ ഘട്ടങ്ങളിലൂടെ കുട്ടികളെ അവരുടെ കഴിവും സാധ്യതകളും അനുസരിച്ച് ഉയർത്തി കൊണ്ടു വരാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി.അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, സ്‌കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പരിപാടി സംഘടിപ്പിക്കുക, ഭിന്നശേഷി കുട്ടികൾ, എസ്.സി -എസ്.ടി മേഖലകൾ, പ്രത്യേകത പരിഗണന അർഹിക്കുന്നവർ എന്നിവർക്കുള്ള പദ്ധതികൾ, കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങൾക്കുള്ള പഠനപരിപോഷണ പരിപാടികൾ നടപ്പിലാക്കുക, നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമാക്കുക, കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ വികസിപ്പിക്കുക, ചോദ്യപേപ്പറുകളുടെ പരിഷ്‌കരണവും വികേന്ദ്രീകരണവും നടപ്പിലാക്കുക എന്നിവയും പദ്ധതിയിലുണ്ട്.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡൻറ് എ.ആർ വിജയകുമാർ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ. ഭൂപേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി എച്ച് അബ്ദുൾ നാസർ,
പഞ്ചായത്ത് അംഗം കെ രമ്യ,ബി പി സി സിഷൈജു, എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, മാത്യസമിതി പ്രസിഡൻറ് ഐഷ ഗഫൂർ, സീനിയർ അസിസ്റ്റൻറുമാരായ കെ രാജി, വി.കെ പ്രഭാവതി,സ്റ്റാഫ് സെക്രട്ടറി കെ.വി രാഗേഷ്, വിജയൻ കോട്ടക്കൽ, മുൻ അധ്യാപകൻ ദാമോദരൻ മാസ്റ്റർ, വികസന സമിതി മുൻ ചെയർമാൻ വി ബാലകൃഷ്ണൻ, റോട്ടറി ക്ലബ്ബ് പ്രസിഡൻറ് റോയി ജോർജ്, പ്രവാസി കൂട്ടായ്മ പ്രതിനിധി ഡോ. താജുദ്ദീൻ, ഓട്ടോ തൊഴിലാളി പ്രതിനിധി സി, സുകുമാരൻ,ഭാസ്കരൻ അടിയോടി, മധു വട്ടിപ്പുന്ന, യു വി മുഹമ്മദ് കുഞ്ഞി,കെ വിനോദ്‌കുമാർ, വിദ്യാർത്ഥി പ്രതിനിധി പ്രാർത്ഥന അനിൽ എന്നിവർ സംസാരിച്ചു.