സ്‌കൂളുകളിലെ കുടിവെള്ളം സുരക്ഷിതമെന്ന് ഉറപ്പാക്കണം: സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷൻ

08:49 PM Sep 13, 2025 | AVANI MV

കാസർ​ഗോഡ് : ജില്ലയിലെ സ്‌കൂളുകളിലെ കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷൻ ചെയർ പേഴ്‌സൺ ജിനു ഉമ്മൻ സക്കറിയ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം 2013 കാസർകോട് ജില്ലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്‌കൂളിൽ കമ്മീഷൻ പരിശോധന നടത്തി.  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ പരിശോധിക്കുകയും പാചകപ്പുര സന്ദർശിക്കുകയും ചെയ്തു. ഓഫീസ് പരിസരത്തും പാചകപ്പുരയ്ക്ക് സമീപവും ഭക്ഷ്യ മെനു പ്രദർശിപ്പിച്ചുണ്ടോയെന്നു പരിശോധിച്ച കമ്മീഷൻ സ്‌കൂളിലെ  ഭക്ഷണ മുറിയുടെ സൗകര്യങ്ങൾ തൃപ്തികരമെന്ന് വിലയിരുത്തി.

മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതിന് മുൻപ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കുടിവെള്ള ശുദ്ധി ഉറപ്പുവരുത്തിയ  വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചു. തുടർന്ന് 106 ആം നമ്പർ തെക്കിൽ ഫെറി പൊതു വിതരണകേന്ദ്രത്തിൽ സന്ദർശനം നടത്തി കെ സ്റ്റോറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കാസർകോട് താലൂക്ക് സപ്ലൈ  ഓഫീസർ ബി.കൃഷ്ണ നായിക്, ജില്ലാ വിദ്യാഭാസ  ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ നൂൺ ഫീഡിങ് സൂപ്പർവൈസർ ഇ.പി ഉഷ,  ഉപജില്ല  വിദ്യാഭാസ ഓഫീസിലെ നൂൺ മീൽ ഓഫീസർ സച്ചിൻ എന്നിവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.