കാസർഗോഡ് :സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 ആശയരൂപീകരണത്തിന്റെ ഭാഗമായുള്ള പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 17 രാവിലെ പത്തിന് കാഞ്ഞങ്ങാട് പലേഡിയം ഹാളിൽ നടക്കും. രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിഷൻ 2031 അവതരിപ്പിക്കും. സെമിനാറിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗം ചേർന്നു. സംഘാടകസമിതി ചെയർമാൻ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മ്യൂസിയം സൂപ്രണ്ട് അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അനീശൻ, പ്രൊഫസർ കെ.പി ജയരാജൻ, ഡോ സി ബാലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹോസ്ദുർഗ് തഹസിൽദാർ ജി.സുരേഷ് ബാബു , ആർ.ഡി.ഓ ഓഫീസ് സീനിയർ സൂപ്രണ്ട് ഷനീജ് ,കെ പ്രസേനൻ ,കെ പത്മനാഭൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം അനന്തൻ നമ്പ്യാർ,പി വി ഗോവിന്ദൻ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ഹമീദ് ഹാജി, വി കെ രമേശൻ , തുടങ്ങിയവർ സംസാരിച്ചു. ഏകദിന സെമിനാറിന്റെ ഭാഗമായി 500 ഓളം പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനത്തെ പുരാവസ്തു ,പുരാരേഖ ,മ്യൂസിയം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിഷയവിദഗ്ധർ വിവിധ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ സെമിനാറിൽ സംബന്ധിക്കും.