കാസർഗോഡ് അമ്മയെ മകൻ തീ കൊളുത്തി കൊന്നു

02:39 PM Jun 26, 2025 | Kavya Ramachandran

കാസർഗോഡ് : മഞ്ചേശ്വരത്ത് മകൻ  അമ്മയെ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി ഹില്‍ഡ മൊന്തേരോയാണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവിനെയും തീ കൊളുത്തി കൊല്ലാൻ ശ്രമം നടത്തി. പ്രതി മെല്‍വിന്‍ മൊന്തേരൊ ഒളിവിൽ. വ്യാഴാഴ്ച പുലർച്ചെ വൊര്‍ക്കാടി നല്ലങ്കിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 60 വയസുകാരിയായ ഹില്‍ഡ മൊന്തേരോയെയെയാണ് മകൻ മെല്‍വിന്‍ മൊന്തേരോ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ലോലിറ്റയെ മർദ്ദിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ലോലിറ്റ രക്ഷപ്പെടാൻ അയൽവാസിയുടെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ വീട്ടിലെത്തുന്നതിന് മുമ്പ് വീട് അടച്ചു പൂട്ടി മെല്‍വിന്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ വീടിന് തൊട്ടടുത്തുള്ള പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ ഹിൽഡയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മർദനത്തിന് ശേഷമാണ് ഹിൽഡയെ തീ കൊളുത്തിയതെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളും, വീടിനകത്തും പരിസരത്തും രക്തക്കറകളും കണ്ടെത്തി. പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.