കാസർകോട്: പൈവളിഗയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെയും അയൽവാസിയുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. തുടർന്ന് ഇരുവരുടെയും വീടുകളിൽവെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെയാണ് പതിനഞ്ചുകാരിയെയും അയൽവാസിയായ പ്രദീപിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്ന് തൂങ്ങിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീടിന് 200 മീറ്റർ അകലെയുള്ള കാട്ടിലെ മരത്തിൽ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. 26 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയേയും 42കാരനായ പ്രദീപിനേയും കാണാതായത്. ഇരുവരും നാടുവിട്ടതായാണ് ആദ്യം കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തിയ പെൺകുട്ടിയുടെ വീടിന് സമീപപ്രദേശങ്ങളിൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നില്ല.