+

കാസര്‍കോട് 15കാരിയും യുവാവും മരിച്ച സംഭവം; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

വീടിന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.

പൈവളിഗയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെയും അയല്‍വാസിയുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഇന്നലെയാണ് പതിനഞ്ചുകാരിയെയും അയല്‍വാസിയായ പ്രദീപിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്ന് തൂങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വീടിന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. 26 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയേയും 42കാരനായ പ്രദീപിനേയും കാണാതായത്. ഇരുവരും നാടുവിട്ടതായാണ് ആദ്യം കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കണ്ടെത്തിയ പെണ്‍കുട്ടിയുടെ വീടിന് സമീപപ്രദേശങ്ങളില്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.


മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
 

facebook twitter