മലപ്പുറം: ലഹരിക്കെതിരായ ശ്രദ്ധ വീടുകളിൽ നിന്ന് തുടങ്ങണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. എന്റെ വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും കരുതരുത്. അശ്രദ്ധ ഉണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നുവരാമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മലപ്പുറം ചെമ്മാട് സംഘടിപ്പിച്ച റംസാൻ പ്രഭാഷണ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘വീട്ടിൽ നിന്നുതന്നെ ശ്രദ്ധ തുടങ്ങേണ്ടത് തന്നെയാണ്. നമ്മുടെ ആരുെടയും വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും വിചാരിക്കരുത്. വീട് എത്ര സുരക്ഷിതമായാലും ഒരു ദിവസം കള്ളൻ കയറുമെന്ന് കുറ്റാന്വേഷണ വിദഗ്ധർ പറയുന്നു.
നമ്മൾ സുരക്ഷിതരല്ല. എപ്പോളെങ്കിലും എവിടെയെങ്കിലും അശ്രദ്ധ ഉണ്ടായിട്ട് അവിടെ അതൊക്കെ വന്നുചേരാം. അതുകൊണ്ട് നമ്മൾ വിചാരിക്കും, ലഹരിയല്ലേ... ഞാൻ ലഹരി ഉപയോഗിക്കുന്നില്ലല്ലോ, എന്റ കുട്ടി അത് ഉപയോഗിക്കില്ല... എന്ന് നമ്മൾ ആശ്വാസം കൊള്ളും.
പക്ഷെ, വാർത്തകൾ വരുമ്പോൾ അതിന് നേരെ വിപരീതമായ കാര്യങ്ങളാണ്. കുട്ടികളുെട കാര്യത്തിൽ നിരീക്ഷണം വേണം. യുവാക്കളുടെയും യുവതികളുടെയും കാര്യത്തിൽ നമ്മൾ നിരീക്ഷിക്കേണ്ടതുണ്ട്’ -സാദിഖലി തങ്ങൾ വ്യക്തമാക്കി.