ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. തിരുവനന്തപുരത്ത് ആശ വര്‍ക്കമാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയം അവതരിപ്പിച്ചു. കെ സി വേണുഗോപാല്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് ആശ വര്‍ക്കര്‍മാരുടെ സമര ആവശ്യങ്ങള്‍ ഉന്നയിച്ചത്. 232 രൂപ മാത്രമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
അതും കൃത്യമായി ലഭിക്കുന്നില്ല. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും കുറ്റപ്പെടുത്തുന്നു. ആശ വര്‍ക്കര്‍മാര്‍ ആരെ വിശ്വസിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി മറുപടി പറയണം. തൊഴിലാളി സംഘടനകളിലൂടെ വന്നവര്‍ പോലും ആശ വര്‍ക്കര്‍മാരെ വിമര്‍ശിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ ലോക്‌സഭയില്‍ പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍ക്ക് റിട്ടയര്‍മെന്റ് അലവന്‍സ് നല്‍കണമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു. പ്രതിമാസം 21000 രൂപ അവര്‍ക്ക് നല്‍കണം. കേന്ദ്രം അതിന് യോഗം വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.