മംഗളൂരു : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകള്‍ താമസിക്കുന്നുണ്ടെന്നും വനാതിര്‍ത്തികളില്‍ താമസിക്കുന്നവരാണ് വനം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനസംരക്ഷണത്തിന് ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സര്‍വേ സംബന്ധിച്ച് റവന്യൂ-വനം മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സംയുക്ത സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 31 ജില്ലകളില്‍ സംയുക്ത സര്‍വേക്കായി കമ്മിറ്റി രൂപീകരിച്ചു. വനം, റവന്യൂ ഭൂമി സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റിപ്പോര്‍ട്ട് അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
കൊല്ലമൊഗ്രു വില്ലേജിന് സമീപം സുബ്രഹ്‌മണ്യ റോഡിനെ ബന്ധിപ്പിക്കുന്ന കടമക്കല്ല്-കുടക് ഗാലീബീഡിന്റെ വികസനം യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും റോഡ് വികസനത്തിന് പിന്തുണ നല്‍കുകയും ചെയ്യും. കുമാരപര്‍വത ട്രെക്കിംഗ് യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.