എംടിയുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത് കേരളീയ ജീവിതത്തിന്റെ നിഴലുകളും കുടുംബബന്ധങ്ങളുടെ അടുപ്പവും മലയാളികളുടെ മനസ്സില്‍ പതിപ്പിച്ച സാഹിത്യ കുലപതിയെയാണെന്ന് ജോസ് കെ മാണി എംപി. ഗ്രാമീണ പശ്ചാത്തലത്തെ പ്രണയിക്കുവാന്‍ ഓരോ മലയാളികള്‍ക്കുമുള്ള പ്രചോദനമായിരുന്നു എംടിയെന്നും ജോസ് കെ മാണി പറഞ്ഞു.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായിരുന്ന എംടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കേരളീയ ജീവിതത്തിന്റെ നിഴലുകളും കുടുംബബന്ധങ്ങളുടെ അടുപ്പവും മലയാളികളുടെ മനസ്സില്‍ പതിപ്പിച്ച സാഹിത്യ കുലപതിയെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത്. ഗ്രാമീണ പശ്ചാത്തലത്തെ പ്രണയിക്കുവാന്‍ ഓരോ മലയാളികള്‍ക്കുമുള്ള പ്രചോദനമായിരുന്നു അദ്ദേഹം പറഞ്ഞ ഓരോ കഥകളും.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര ംവിധായകന് എന്ന നിലകളില്‍ എംടി മലയാള ചലച്ചിത്രത്തിനു പുതിയ മാനം നല്‍കുകയും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുകയും ചെയ്തു. മണ്ണിന്റെയും മനുഷ്യരുടെയും യാഥാര്‍ത്ഥ്യമുള്ള കഥകളിലൂടെ വായനക്കാരുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ ആശയസൃഷ്ടാവായിരുന്ന അദ്ദേഹം ഇനി നമുക്കൊപ്പമില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിനെ ഏറെ മുറിപ്പെടുത്തുന്നു, എങ്കിലും അദ്ദേഹത്തിന്റെ രചനകളും സിനിമകളും നമ്മുടെ ഹൃദയത്തില്‍ എന്നും ജീവിച്ചിരിക്കും.