+

നിർമ്മാണത്തിൽ ഗുണമേന്മയില്ല, പപ്പടം പൊടിയുന്നത് പോലെ റോഡുകൾ തകരുന്നത്, ദേശീപാത നിർമ്മാണത്തിൽ വൻ അഴിമതിയുണ്ട്: കെസി വേണുഗോപാൽ എംപി

നിർമ്മാണ പ്രവർത്തികളിൽ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂർ മൈലക്കാട് ദേശീപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും ദേശീപതാ നിർമ്മാണത്തിൽ വലിയ അഴിമതിയുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.


ആലപ്പുഴ : നിർമ്മാണ പ്രവർത്തികളിൽ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂർ മൈലക്കാട് ദേശീപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും ദേശീപതാ നിർമ്മാണത്തിൽ വലിയ അഴിമതിയുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.ആലപ്പുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

നിർമ്മാണത്തിൽ ഗുണമേന്മയില്ല. അതിനാലാണ് പപ്പടം പൊടിയുന്നത് പോലെ റോഡുകൾ തകരുന്നത്. ഈ അഴിമതി സംസ്ഥാന സർക്കാർ മൂടിവെയ്ക്കാൻ ശ്രമിക്കുന്നത് അവർക്ക് അതിൽ പങ്കുള്ളതിനാലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ്യം. ദേശീയപാതയിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. ദേശീയപാത നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുകയാണ് സംസ്ഥാന സർക്കാർ. ദേശീയപാത അതോറിറ്റിയാണ് നിർമ്മാണം നടത്തുന്നതെങ്കിലും അപാകത ചൂണ്ടിക്കാട്ടാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള സമിതി എല്ലാ ജില്ലകളിലുമുണ്ട്. ബന്ധപ്പെട്ടവരെ അറിയിക്കാൻ അവർക്ക് കടമയുണ്ട്. 

നിർമ്മാണത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കരാർ കമ്പനിക്ക് നൽകിയതിന്റെ ദൂഷ്യമാണ് ഇപ്പോൾ അനുഭവിക്കുന്നത്.  അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥതല നിരീക്ഷണം നടക്കുന്നത്. അത് അനുവദിക്കാനാവില്ല. നിർമ്മാണത്തിലെ പാളിച്ച കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത ടീം പരിശോധിക്കണം.സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.ഈ വിഷയം ശക്തമായി പാർലമെന്റിൽ ഉന്നയിക്കും. ഈ അഴിമതിക്ക് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണം. നിർമ്മാണത്തിലെ ക്രമക്കേട് ഒട്ടും ആശ്വാസ്യമല്ല. 

കൂരിയാട് ദേശീയപാത തകർന്നപ്പോൾ പിഎസി ഈ വിഷയം ഗൗരവമായെടുക്കുയും കേന്ദ്ര ഗതാഗത സെക്രട്ടറിയേയും ദേശീപാത ചെയർമാനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ദേശീപാത ഡീസൈനിൽ  പിഴവുണ്ടായതായി അവർ അന്ന് സമ്മതിച്ചതാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി പിഎസി പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസം പിന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഡിപിആർ,ഡിസൈനിങ് തുടങ്ങിയവ സംബന്ധിച്ച് ആക്ഷേപം ഉള്ളതിനാൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്ന നിർദ്ദേശം നൽകി. എന്നാലത് അട്ടിമറിക്കപ്പെട്ടു. സർവീസ് റോഡുകൾ മെച്ചപ്പെടുത്താനും നടപടിയെടുത്തില്ല. അതിനാൽ പിഎസി റിപ്പോർട്ടിന് മേൽ എന്തു നടപടി സ്വീകരിച്ചെന്ന് ഗതാഗത മന്ത്രാലയത്തോട് വിശദീകരണം ചോദിക്കും. 
 
ദേശീയപാത തകർന്ന മൈലക്കാട് ഒരു തരത്തിലുള്ള സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിർമ്മാണം നടന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണ് ഉൾപ്പെടെയുള്ള സാമഗ്രികളെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ദേശീയപാത ദുരന്തപാതയാക്കുന്ന നടപടിയാണ് എൻഎച്ച്എഐയുടേതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

facebook twitter