കെസിഎ പിങ്ക് ടൂർണ്ണമെൻ്റിന് തുടക്കം, പേൾസിനും എമറാൾഡിനും വിജയം

08:01 PM May 05, 2025 | AVANI MV

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിന് തുടക്കമായി.  ആദ്യ ദിവസത്തെ മല്സരങ്ങളിൽ കെസിഎ പേൾസും കെസിഎ എമറാൾഡും ജയിച്ചു. ആദ്യ മല്സരത്തിൽ പേൾസ് ഏഴ് വിക്കറ്റിന് റൂബിയെ തോല്പിച്ചപ്പോൾ രണ്ടാം മല്സത്തിൽ എമറാൾഡ് 77 റൺസിന് ആംബറിനെ തോല്പിച്ചു. ക്യാപ്റ്റൻമാരുടെ ഓൾ റൌണ്ട് മികവാണ് ഇരു ടീമുകൾക്കും വിജയമൊരുക്കിയത്.

പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബി 19.4 ഓവറിൽ 87 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനി തയ്യിലിൻ്റെ ഉജ്ജ്വല ബൌളിങ്ങാണ് പേൾസിന് കരുത്തായത്. ആര്യനന്ദ മൂന്നും കീർത്തി ജെയിംസ് രണ്ടും വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ദൃശ്യ വാസുദേവൻ അടക്കം മൂന്ന് പേർ മാത്രമാണ് റൂബി ബാറ്റിങ് നിരയിൽ രണ്ടക്കം കണ്ടത്. 22 റൺസെടുത്ത ദൃശ്യയാണ് റൂബിയുടെ ടോപ് സ്കോറർ. അഷിമ ആൻ്റണി 17ഉം അജന്യ ടി പി പത്തും റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേൾസ് മൂന്ന് പന്തുകൾ ബാക്കി നില്ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ ഷാനി 19 റൺസെടുത്തു. ആര്യനന്ദ 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ശ്രദ്ധ സുമേഷ് 23 റൺസെടുത്തു. ഷാനിയാണ് കളിയിലെ താരം.

രണ്ടാം മല്സരത്തിൽ ആംബറിനെതിരെ 77 റൺസിൻ്റെ ഉജ്ജ്വല വിജയമാണ് എമറാൾഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് ക്യാപ്റ്റൻ നജ്ല നൌഷാദിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. 34 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 58 റൺസാണ് നജ്ല നേടിയത്. 45 റൺസെടുത്ത വൈഷ്ണ എം പിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഇരുവരുടെയും മികവിൽ എമറാൾഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആംബറിന് വേണ്ടി ക്യാപ്റ്റൻ സജന സജീവനും ശീതളും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 78 റൺസ് മാത്രമാണ് നേടാനായത്. 22 റൺസെടുത്ത സൂര്യ സുകുമാർ മാത്രമാണ് ആംബർ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. സജന സജീവൻ 12ഉം അൻസു സുനിൽ 13ഉം റൺശ് നേടി. എമറാൾഡിന് വേണ്ടി നിയതി മഹേഷ് മൂന്നും നജ്ല നൌഷാദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. നജ്ലയാണ് പ്ലെയർ ഓഫ് ദി മാച്ച്.

തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിലാണ് ടൂർണ്ണമെൻ്റിലെ എല്ലാ മല്സരങ്ങളും നടക്കുന്നത്. ആകെ അഞ്ച് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്.