ഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്ലേനെ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. അതിഷിയെ അറസ്റ്റ് ചെയ്യാനും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കെജ്രിവാള് പറഞ്ഞു. അതിഷിയെ കുടുക്കാന്‍ കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
അതിഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പദ്ധതികളായ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും തടഞ്ഞുകൊണ്ട് ഡല്‍ഹിയിലെ കേന്ദ്ര ആരോഗ്യ-വനിതാ ശിശുവികസന വകുപ്പുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കെജ്രിവാള് രംഗത്തെത്തിയത്.