+

എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാര്‍ത്ഥത്തില്‍ അനാഥമാണ് ; അനുസ്മരിച്ച് എം ബി രാജേഷ്

കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു,

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി എം ബി രാജേഷ്. മലയാളം എന്ന വികാരത്താല്‍ കോര്‍ത്തിണക്കപ്പെട്ട എല്ലാ കേരളീയര്‍ക്കും ഏറ്റവും ദുഃഖകരമായ വാര്‍ത്തയാണിത്. എം ടി കാലദേശങ്ങള്‍ക്കപ്പുറം വളര്‍ന്ന പ്രതിഭയാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാര്‍ത്ഥത്തില്‍ അനാഥമാണ്. അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ ആ ഓര്‍മകളെ നമുക്ക് ചേര്‍ത്തുനിര്‍ത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ആ രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട മഹാപ്രതിഭ ഓര്‍മയായി. മലയാളം എന്ന വികാരത്താല്‍ കോര്‍ത്തിണക്കപ്പെട്ട എല്ലാ കേരളീയര്‍ക്കും ഏറ്റവും ദുഃഖകരമായ വാര്‍ത്തയാണിത്. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാള്‍. ഈ ശൂന്യത ഏറെക്കാലം നിലനില്‍ക്കും.

ഇക്കഴിഞ്ഞ ദിവസം വിക്ടോറിയ കോളേജിലെ ഒരു പരിപാടിയിലും അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന എം ടി യെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എം ടി കാലദേശങ്ങള്‍ക്കപ്പുറം വളര്‍ന്ന പ്രതിഭയാണ്. നിയമസഭയില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന തൃത്താലയിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും, കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്‌കാരിക സവിശേഷതകള്‍ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളില്‍ ആവാഹിച്ചെങ്കിലും ഒരു വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്.

കേരളത്തിലെ ജന്മി-നാടുവാഴിത്ത സാമൂഹ്യഘടനയുടെ തകര്‍ച്ചയുടെ കാലത്ത്, ആ അന്തരാളഘട്ടത്തില്‍, പഴയ മാമൂലുകള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത എഴുത്തുകാരനാണ് അദ്ദേഹം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. എം ടി കൃതികളില്‍ ആ നിലപാട് തെളിഞ്ഞുകിടക്കുന്നത് കാണാന്‍ കഴിയും. കാലം, നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയ കൃതികളില്‍ അന്നത്തെ സാമൂഹ്യാന്തരീഷം മനസ്സിലാക്കാന്‍ കഴിയും. രണ്ടാമൂഴം പോലുള്ള, ഇതിഹാസത്തില്‍ നിന്നുള്ള പുനരാഖ്യാനങ്ങള്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ തന്നെ വിരളമാണ്.


എം ടിയെ പോലുള്ള ബഹുമുഖ പ്രതിഭകള്‍ അപൂര്‍വമാണ്. സാഹിത്യത്തിലെന്നപോലെ മലയാള സിനിമയിലും പെരുന്തച്ചനായിരുന്നു അദ്ദേഹം. അദ്ദേഹം സംവിധാനം ചെയ്ത 'നിര്‍മാല്യം' മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി. നിര്‍മാല്യം ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ്. എം ടിയുടെ തിരക്കഥകള്‍ മലയാള സിനിമയുടെ ഘടനയെത്തന്നെ മാറ്റിമറിച്ചു. ആധുനികതയിലേക്ക് മലയാള സിനിമയെ നയിച്ച സിനിമാകാരനായിരുന്നു എം ടി. മലയാള കഥാസാഹിത്യത്തില്‍ രണ്ടു തലമുറയിലെ പ്രമുഖരായ കഥാകാരന്മാരെയും കഥാകാരികളെയും വളര്‍ത്തിയെടുത്ത മഹാനായ പത്രാധിപരുമായിരുന്നു അദ്ദേഹം.

ഞാന്‍ നിയമസഭാ സ്പീക്കറാകുന്നതുവരെ എം ടിയെ സാഹിത്യകൃതികളിലും അകലെനിന്നും മാത്രമേ കണ്ടിട്ടുള്ളൂ. പൊന്നാനി എം എല്‍ എ സ. നന്ദകുമാറാണ് ഒരു ദിവസം പറഞ്ഞത്, ചില കാര്യങ്ങള്‍ രാജേഷുമായി സംസാരിക്കാന്‍ എം ടി ആഗ്രഹിക്കുന്നുവെന്ന്. അങ്ങനെയാണ് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോയി എംടിയെ കണ്ടത്. അവിടേക്ക് പോകുമ്പോഴും ആശങ്കയുണ്ടായിരുന്നു, എം ടി അധികം സംസാരിക്കില്ല, എങ്ങനെയായിരിക്കും കൂടിക്കാഴ്ച എന്ന്. എന്നാല്‍ അധികം സംസാരിക്കാത്ത എം ടി അന്ന് രാവിലെ മുതല്‍ ഉച്ച വരെ സംസാരിച്ചു. സാഹിത്യം, രാഷ്ട്രീയം, കല, കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് തറവാട് വീട്, തുഞ്ചന്‍ പറമ്പ് ഒക്കെ സംസാര വിഷയങ്ങളായി. എന്റെ നാടിന്റെ എം എല്‍ എ ആണല്ലോ എന്നാണ് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സ്വന്തം നാടിന്റെ ജനപ്രതിനിധി എന്ന നിലയിലാണ് പരിഗണിച്ചത്. ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചാണ് അന്ന് പിരിഞ്ഞത്. കോഴിക്കോടിനെ യു എന്‍ സാഹിത്യ പൈതൃക നഗരമായി പ്രഖ്യാപിച്ച വേളയില്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാനും അവസരം ലഭിച്ചു. എ പ്രദീപ്കുമാറുമൊന്നിച്ച് കോഴിക്കോട്ട് എം ടിയുടെ വീട്ടില്‍ പോയും അദ്ദേഹത്തെ കണ്ടു.


എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാര്‍ത്ഥത്തില്‍ അനാഥമാണ്. അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ ആ ഓര്‍മകളെ നമുക്ക് ചേര്‍ത്തുനിര്‍ത്താം. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

facebook twitter