
തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്. ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.