+

കേരളത്തിൽ അഞ്ച് ദിവസം മഴ കനക്കും

കേരളത്തിൽ അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി മഴ അൽപം വിട്ടുനിന്ന സാഹചര്യത്തിൽ വീണ്ടും മഴ കനക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, ഇടിമിന്നലിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ജില്ലയിലെ വിവിധ തീരങ്ങളിലും രാത്രി 08.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം, ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം എന്നിങ്ങനെ മുന്നറിയിപ്പിൽപറയുന്നു.

ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.

facebook twitter