തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇതുവരെ ലഭിച്ചത് ശരാശരിയിൽ താഴെ. സെപ്റ്റംബർ മൂന്നുവരെയുള്ള കണക്കുകൾ പ്രകാരമാണിത്. കേരളം, മാഹി മേഖലയിൽ ഈ കാലയളവിൽ 1777.5 മി.മീ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ പെയ്ത മഴ 1561.1 മി.മീ. 11 ജില്ലകളിൽ ശരാശരി മഴ ലഭിച്ചപ്പോൾ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ശരാശരിയിലും താഴെയായിരുന്നു.
ജൂൺ ഒന്നു മുതൽ ഇതുവരെ 2276.7 മി.മീ. മഴ ലഭിക്കേണ്ട വയനാട് ജില്ലയിൽ പെയ്തതത് 1480.6 മി.മീ മഴയാണ്. 2294.5 മി.മീ മഴ കിട്ടേണ്ടിയിരുന്ന ഇടുക്കിയിൽ ലഭിച്ചത് 1507 മി.മീ മഴയാണ്. 1755.8 മി.മീ മഴ ലഭിക്കേണ്ട മലപ്പുറത്ത് പെയ്തത് 1349.6 മി.മീ മഴയായിരുന്നു. മറ്റ് ജില്ലകളിൽ ലഭിച്ച മഴയുടെ അളവും പ്രതീക്ഷിച്ച മഴയും ആലപ്പുഴ-1337.2 മി.മീ. (1421 മി.മീ.), കണ്ണൂർ-2820 മി.മീ. (2413.9 മി.മീ.), എറണാകുളം-1712.6 മി.മീ. (1862.1 മി.മീ.), കാസർകോട്-2604 മി.മീ. (2645.7 മി.മീ.), കൊല്ലം-987.7 മി.മീ (1072.1 മി.മീ.), കോട്ടയം-1399.6 മി.മീ. (1677.4 മി.മീ), കോഴിക്കോട്-1967.8 മി.മീ. (2333.1 മി.മീ.), പാലക്കാട്-1319.6 മി.മീ. (1397 മി.മീ), പത്തനംതിട്ട-1469.3 മി.മീ. (1364.6 മി.മീ.), തിരുവനന്തപുരം-661.4 മി.മീ. (696.2 മി.മീ), തൃശൂർ-1903.7 മി.മീ. (1904 മി.മീ.).
അതേസമയം ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ മൂന്ന് വരെയുള്ള ഒരാഴ്ച വിവിധ ജില്ലകളിൽ ശക്തമായ മഴലഭിച്ചതായും കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം ജില്ലകൾ ‘അത്യധികം’ മഴ ലഭിച്ച പട്ടികയിലുണ്ട്.