+

കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി

കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി. വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസിന്റേതാണ് നടപടി. 

തിരുവനന്തപുരം: കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളിൽ നിന്നും നീക്കി. വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസിന്റേതാണ് നടപടി. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമാനന്ദിനെ ജോയിൻ്റ് രജിസ്ട്രാറായും നിയമിച്ചു. കഴിഞ്ഞ ദിവസം വി സി പിരിച്ചുവിട്ടതിന് ശേഷവും തുടർന്ന സിന്‍ഡിക്കേറ്റ് യോഗത്തിൽ ഹരികുമാർ പങ്കെടുത്തിരുന്നു. ഇതിൽ വിശദീകരണം തേടിയെങ്കിലും പി ഹരികുമാര്‍ നല്‍കിയിരുന്നില്ല..

പിന്നാലെയാണ് ഹരികുമാറിനെ ചുമതലകളിൽ നിന്നും വി സി നീക്കിയത്.കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷം നടന്ന നാടകീയ രംഗങ്ങൾക്കൊടുവിലാണ് നടപടി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോകുകയായിരുന്നു.

തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്. ശേഷം വൈകുന്നേരം നാലരയോടെ സര്‍വകലാശാലയിലെത്തി കെ എസ് അനില്‍കുമാര്‍ ചുമതല ഏറ്റെടുത്തിരുന്നു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സിസ തോമസ്.

facebook twitter