ടിക് ടോക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഖാബി ലാം അമേരിക്ക വിട്ടു. വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ലാസ് വെഗാസിലെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചതോടെയാണ് അദ്ദേഹം യുഎസ് വിട്ടത്. സെനഗലില്‍ ജനിച്ച ഇറ്റാലിയന്‍ ഇന്‍ഫ്‌ലുവന്‍സറായ സെറിംഗ് ഖബാനെ ലാം എന്ന മുഴുവന്‍ പേരുള്ള ഇദ്ദേഹത്തെ വെള്ളിയാഴ്ച ഹാരി റീഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരീകരിച്ചു.
ഏപ്രില്‍ 30-നാണ് ലാം യുഎസില്‍ പ്രവേശിച്ചത്. അദ്ദേഹം വിസ നിബന്ധനകള്‍ ലംഘിച്ചുവെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് സ്വമേധയാ രാജ്യം വിടാന്‍ അനുമതി നല്‍കിയെന്നും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഔദ്യോഗികമായി നാടുകടത്തല്‍ ഉത്തരവ് ലഭിക്കാതെ രാജ്യം വിടാന്‍ ഈ നടപടി സഹായിക്കുമെന്നും ഭാവിയില്‍ യുഎസിലേക്ക് മടങ്ങുന്നതിന് ഇത് ഗുണകരമാകുമെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ ഖാബി ലാം പ്രതികരിച്ചിട്ടില്ല.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴില്‍ ഇമിഗ്രേഷന്‍ നടപ്പാക്കല്‍ ശക്തമാക്കുന്നതിനിടയിലാണ് ഖാബി ലാമിന്റെ ഈ മടക്കം. ട്രംപിന്റെ സമീപകാല നയങ്ങള്‍ യുഎസിലെങ്ങും വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ലോസ് ഏഞ്ചല്‍സില്‍ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്