+

കിലോക്കണക്കിന് സ്വർണം,12 കോടി രൂപ, വെള്ളിയും; കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു

12 കോടി രൂപ, കിലോക്കണക്കിന് സ്വർണവും വെള്ളിയും; അനധികൃത ബെറ്റിങ് ആപ്പ് കേസിൽ കോൺഗ്രസ് കോണ്‍ഗ്രസ് എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു.

ബെംഗളൂരു : 12 കോടി രൂപ, കിലോക്കണക്കിന് സ്വർണവും വെള്ളിയും; അനധികൃത ബെറ്റിങ് ആപ്പ് കേസിൽ കോൺഗ്രസ് കോണ്‍ഗ്രസ് എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ എംഎല്‍എയായ കെ.സി. വീരേന്ദ്ര പപ്പിയെയാണ് സിക്കിമിലെ ഗാങ്‌ടോക്കില്‍നിന്ന് ഇഡി അറസ്റ്റ്‌ചെയ്തത്.

 വിദേശത്തെ കാസിനോകളുമായി ബന്ധമുള്ള വമ്പന്‍ ബെറ്റിങ് റാക്കറ്റാണ് വീരേന്ദ്ര പപ്പിയും സഹോദരനായ കെ.സി. തിപ്പെസ്വാമിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വെള്ളി, ശനി ദിവസങ്ങളിലായി വീരേന്ദ്ര പപ്പിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിക്കിമില്‍ ഭൂമിയിടപാടിനായി എത്തിയ എംഎല്‍എയെ അവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.

സിക്കിം, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് ഇഡിയുടെ റെയ്ഡ് നടന്നത്. ഗോവയില്‍ വീരേന്ദ്ര പപ്പിയുടെ ഉടമസ്ഥതയിലുള്ള 'പപ്പിസ് കാസിനോ ഗോള്‍ഡ്, ഓഷ്യന്‍ റിവേഴ്‌സ്, പപ്പിസ് കാസിനോ പ്രൈഡ്, ഓഷ്യന്‍ സെവന്‍, ബിഗ് ഡാഡി കാസിനോ തുടങ്ങിയ കാസിനോകളിലാണ് പരിശോധന നടന്നത്. വിവിധയിടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ 12 കോടി രൂപ പണമായും ഒരുകോടി രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തു. ഇതിനുപുറമേ ആറുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍, പത്ത് കിലോ വെള്ളി, നാല് ആഡംബര വാഹനങ്ങള്‍, വിവിധ പണമിടപാടുകളുടെയും ഭൂമിയിടപാടുകളുടെയും രേഖകള്‍ തുടങ്ങിയവയും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ആഡംബര ഹോട്ടലുകളിലെ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍, വിദേശരാജ്യങ്ങളിലെ കാസിനോകളുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ബാങ്ക് ലോക്കറുകളും ഇഡി മരവിപ്പിച്ചു.

നിരവധി ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകളുടെ പിന്നില്‍ വീരേന്ദ്രയും സംഘവുമാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 'കിങ്567', 'രാജാ567' തുടങ്ങിയ പേരുകളിലാണ് ഇവരുടെ ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വീരേന്ദ്രയുടെ സഹോദരന്‍ കെ.സി. തിപ്പെസ്വാമിയും ബന്ധുവായ പൃഥ്വി എന്‍. രാജും ചേര്‍ന്ന് ഡയമണ്ട് സോഫ്റ്റ് ടെക്, ടിആര്‍എസ് ടെക്‌നോളജീസ്, പ്രൈം9 ടെക്‌നോളജീസ് എന്നീ പേരുകളില്‍ മൂന്ന് കമ്പനികള്‍ നടത്തിയിരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനികളുടെ കീഴില്‍ നിരവധി കോള്‍ സെന്ററുകളും ഓണ്‍ലൈന്‍ ഗെയിമിങ് സംരംഭങ്ങളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് വീരേന്ദ്ര സഹോദരങ്ങളായ തിപ്പെസ്വാമി, കെ.സി. നാഗരാജ്, നാഗരാജിന്റെ മകന്‍ പൃഥ്വി എന്‍. രാജ് എന്നിവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 

facebook twitter