കൊച്ചി: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 62,408.45 കോടി രൂപയുടെ (7.45 ബില്യൺ യുഎസ് ഡോളർ) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്ന് സമുദ്രവത്പന്ന കയറ്റുമതി വികസന അതോറിറ്റി (മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി-എം പി ഇ ഡി എ) അറിയിച്ചു. ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയിലെ പ്രധാന ഇനം.
അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരെന്ന് ചെയർമാൻ ശ്രീ ഡി.വി. സ്വാമി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടി. മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും, ഡോളർ വരുമാനത്തിന്റെ 69.46 ശതമാനവും ഈ വിഭാഗത്തിലെ കയറ്റുമതിയിലൂടെയാണ് ലഭിച്ചതെന്ന് എം പി ഇ ഡി എ അറിയിച്ചു.
2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനവുണ്ടായതായി ചെയർമാൻ പറഞ്ഞു.
ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. അമേരിക്ക (3,11,948 മെട്രിക് ടൺ), ചൈന (1,36,164 മെട്രിക് ടൺ), യൂറോപ്യൻ യൂണിയൻ (99,310 മെട്രിക് ടൺ), തെക്കുകിഴക്കൻ ഏഷ്യ (58,003 മെട്രിക് ടൺ), ജപ്പാൻ (38,917 മെട്രിക് ടൺ), ഗൾഫ് മേഖല (32,784 മെട്രിക് ടൺ) എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. വനാമി, ബ്ലാക്ക് ടൈഗർ, സ്കാംപി ഇനങ്ങളിൽ അളവിലും മൂല്യത്തിലും വർധന രേഖപ്പെടുത്തി.
കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ് ശീതീകരിച്ച മത്സ്യം. ഈ വിഭാഗത്തിലൂടെ 5,212.12 കോടി രൂപയുടെ (622.60 മില്യൺ യുഎസ് ഡോളർ) വരുമാനം ലഭിച്ചു.
മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ (367.68 മില്യൺ യുഎസ് ഡോളർ) വരുമാനം നേടിത്തന്നു. ഇതിന് രൂപയുടെ മൂല്യത്തിൽ 0.54 ശതമാനം വളർച്ച ലഭിച്ചു.
2,52,948 മെട്രിക് ടൺ ഉണങ്ങിയ സമുദ്രോത്പന്ന ഇനങ്ങൾ കയറ്റുമതി ചെയ്തതിലൂടെ 2852.60 കോടി രൂപയുടെ (340.75 മില്യൺ യുഎസ് ഡോളർ) വരുമാനം ലഭിച്ചതായി ചെയർമാൻ ചൂണ്ടിക്കാട്ടി.
ശീതീകരിച്ച കൂന്തൽ കയറ്റുമതിയിൽ അളവിൽ 9.11 ശതമാനവും യുഎസ് ഡോളർ മൂല്യത്തിൽ 3.99 ശതമാനവും വളർച്ചയുണ്ടായി. 59,264 മെട്രിക് ടൺ കൂന്തൽ കയറ്റുമതിയിലൂടെ 285.57 മില്യൺ യുഎസ് ഡോളറാണ് നേടിയത്.
ശീതീകരിച്ച ഇനങ്ങൾ 659.41 കോടി രൂപ (78.79 മില്യൺ യുഎസ് ഡോളർ) വരുമാനം നേടിയപ്പോൾ, ജീവനുള്ള മത്സ്യം കയറ്റുമതിയിലൂടെ 15.21 ശതമാനം വളർച്ച രേഖപ്പെടുത്തി (56.01 മില്യൺ യുഎസ് ഡോളർ).
കയറ്റുമതിയുടെ മൂല്യത്തിൽ അമേരിക്കയാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരൻ. 3,46,868 മെട്രിക് ടൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തതിലൂടെ 2,714.94 മില്യൺ യുഎസ് ഡോളറിന്റെ വരുമാനം ലഭിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതി യുഎസ് ഡോളറിൽ 6.50 ശതമാനവും രൂപയിൽ 8.76 ശതമാനവും അളവിൽ 5.37 ശതമാനവും വർധിച്ചു. അമേരിക്കയുടെ സമുദ്രോത്പന്ന ഇറക്കുമതിയിൽ 92.55 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്.
അളവിന്റെ കാര്യത്തിൽ ചൈനയാണ് ഏറ്റവും വലിയ ഇറക്കുമതി സ്ഥാനം. 3,96,424 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ചൈന ഇറക്കുമതി ചെയ്തത്, ഇതിന്റെ മൂല്യം 1,276.58 മില്യൺ യുഎസ് ഡോളറാണ്. യൂറോപ്യൻ യൂണിയൻ മൂന്നാമത്തെ വലിയ ലക്ഷ്യസ്ഥാനമായി തുടർന്നു, 2,15,080 മെട്രിക് ടൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു, ഇതിന്റെ മൂല്യം 1,125.60 മില്യൺ യുഎസ് ഡോളറാണ്.
തെക്കുകിഴക്കൻ ഏഷ്യ നാലാമത്തെ വലിയ വിപണിയാണ്. 3,47,541 മെട്രിക് ടൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു, ഇതിന്റെ മൂല്യം 974.99 മില്യൺ യുഎസ് ഡോളറാണ്. ജപ്പാൻ അഞ്ചാമത്തെ വലിയ ഇറക്കുമതിക്കാരനായി തുടർന്നു, 1,02,933 മെട്രിക് ടൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു, ഇതിന്റെ മൂല്യം 411.55 മില്യൺ യുഎസ് ഡോളറാണ്. ഗൾഫ് മേഖല ആറാമത്തെ വലിയ ലക്ഷ്യസ്ഥാനമാണ്, 65,956 മെട്രിക് ടൺ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു, ഇതിന്റെ മൂല്യം 278.31 മില്യൺ യുഎസ് ഡോളറാണ്.
വിശാഖപട്ടണവും ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയും (നവി മുംബൈ) ആണ് സമുദ്രോത്പന്ന കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന തുറമുഖങ്ങൾ.
എം പി ഇ ഡി എ ഡയറക്ടർ ഡോ. രാം മോഹൻ എം. കെ., എം പി ഇ ഡി എ യുടെ നേട്ടങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച പവർ പോയിന്റ് അവതരണം നടത്തി.പത്രസമ്മേളനത്തിൽ MPEDA ജോയിന്റ് ഡയറക്ടർ (ട്രെയിനിംഗ്) ഡോ. എസ്. കന്ദനും പങ്കെടുത്തു.