
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ എസ് ഐയെ സസ്‌പെന്റ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെന്നും രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ പാടുള്ളതല്ലെന്നും കെ കെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കേരളാ പൊലീസ് അന്തസ്സുറ്റ പൊലീസ് സേനയാണെന്നും ചില പൊലീസുകാരുടെ ഇത്തരം പെരുമാറ്റം സേനക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നും കെ കെ ശൈലജ ആരോപിച്ചു. കുട്ടികളെ പോറ്റാൻ കഷ്ടപ്പെടുന്ന ബിന്ദുവിനെതിരെ കള്ളപ്പരാതി കൊടുത്തവർ മാപ്പ് ചോദിക്കണമെന്നും സർക്കാർ ബിന്ദുവിനൊപ്പമുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പേരൂർക്കടയിലെ ദളിത് യുവതി ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പോലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. SI യെ സസ്‌പെന്റ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ പാടുള്ളതല്ല.
കേരളാ പോലീസ് പൊതുവെ അന്തസ്സുറ്റ പോലീസ് സേനയാണ്. ചില പോലീസുകാരുടെ ഇത്തരം പെരുമാറ്റമാണ് സേനക്കാകെ അപമാനമുണ്ടാക്കുന്നത്. കള്ളപ്പരാതി കൊടുത്ത വീട്ടുകാർ അധ്വാനിച്ച് കുട്ടികളെ പോറ്റാൻ കഷ്ടപ്പെടുന്ന ദളിത് യുവതിയായ ബിന്ദുവിനോട് ക്ഷമ ചോദിക്കണം. LDF ഗവ: ബിന്ദുവിന്റെ കൂടെയുണ്ടാകും എന്നുറപ്പുണ്ട്. ബിന്ദുവിന് എല്ലാ പിന്തുണയും അറിയിക്കുന്നു.