+

ഭക്ഷ്യവസ്തുക്കളുമായി ഗസ്സയിലേക്ക് ആദ്യ ട്രക്ക് എത്തി

മൂന്ന് മാസത്തിന് ശേഷം ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുമായി ഗസ്സയിലേക്ക് ആദ്യ ട്രക്ക് എത്തി. യു.എന്നും ഇസ്രായേലുമാണ് ട്രക്ക് എത്തിയ വിവരം അറിയിച്ചത്.

ഗസ്സ: മൂന്ന് മാസത്തിന് ശേഷം ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവയുമായി ഗസ്സയിലേക്ക് ആദ്യ ട്രക്ക് എത്തി. യു.എന്നും ഇസ്രായേലുമാണ് ട്രക്ക് എത്തിയ വിവരം അറിയിച്ചത്. ബേബി ഫുഡ് ഉൾപ്പടെയുള്ളവയുമായി അഞ്ച് ട്രക്കുകളാണ് എത്തിയത്.

കെറാം ശാലോം ക്രോസിങ് വഴിയാണ് ട്രക്കുകൾ എത്തിയതെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. രണ്ട് മില്യൺ ജനങ്ങളാണ് ഗസ്സയിൽ ഇസ്രായേൽ ഉപരോധം മൂലം കടുത്ത പട്ടിണി അനുഭവിക്കുന്നത്. ട്രക്കുകൾ ഗസ്സയിലെത്തിയതിനെ യു.എൻ സ്വാഗതം ചെയ്തു. എന്നാൽ, ഇതുകൊണ്ട് ഒന്നുമാവില്ലെന്നും കൂടുതൽ​ ട്രക്കുകൾ ഗസ്സയിൽ എത്തിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

കടുത്ത ഉപരോധത്തിന് ശേഷം ഗസ്സയിലേക്ക് പരിമിതമായ അളവിൽ സഹായ വസ്തുക്കൾ കടത്തിവിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന് പറഞ്ഞിരുന്നു. യുദ്ധത്തിൽ തകർത്തെറിഞ്ഞ ഗസ്സയിലേക്ക് വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും അയച്ച സഹായവസ്തുകൾ അടങ്ങിയ ട്രക്കുകൾ മാർച്ച് രണ്ടുമുതൽ ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഗസ്സയിൽ കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ​സൈന്യം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് പരിമിതമായ സഹായം അനുവദിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിൽ ഗസ്സ ഗുരുതരമായ ക്ഷാമത്തി​ലേക്കെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടം, ഇന്ധനം എന്നിവയുൾപ്പെടെ എല്ലാ സഹായങ്ങളുടെയും വിതരണങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഗസ്സയിലെ ഭക്ഷ്യസുരക്ഷയിൽ വൻ തകർച്ച ഉണ്ടായിട്ടുണ്ടെന്നും ഫലസ്തീനികൾ ഗുരുതരമായ ക്ഷാമം നേരിടുന്നുണ്ടെന്നും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

facebook twitter