ശശികുമാർ, സിമ്രാൻ തുടങ്ങിയവർ അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രമായ ടൂറിസ്റ്റ് ഫാമിലി മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അഭിഷാൻ ജീവിന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്നാട്ടിൽ മാത്രം 50 കോടി നേടി ശശികുമാറിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ നിർമാണ ചെലവ് 16 കോടിയായിരുന്നു.
ജിയോഹോട്ട്സ്റ്റാർ ചിത്രത്തിന്റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിങ് അവകാശങ്ങൾ നേടിയതോടെ, ഈ മാസം അവസാനത്തോടെ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിവരം. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടൂറിസ്റ്റ് ഫാമിലി ഈ മാസം അവസാനത്തോടെ ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് അവസാനത്തോടെ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തെ പറഞ്ഞിരുന്നു. ടൂറിസ്റ്റ് ഫാമിലി മേയ് 31 ന് ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ചിത്രം ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. സൂര്യ-കാർത്തിക് സുബരാജ് കൂട്ടുകെട്ടിൽ പുറത്തുവന്ന റെട്രോയേക്കാൾ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്നത്.
ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബു, കമലേഷ്, എം. ഭാസ്കര്‍, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.