
കണ്ണൂർ : ജനകീയ ഇടപെടലിന് മാതൃകയാണ് കേരളമെന്ന് കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് 'തളിരണിയും തില്ലങ്കേരി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനം, സാക്ഷരത, പാര്‍പ്പിടം, തൊഴിലില്ലായ്മ പരിഹാരം തുടങ്ങി ഒരു ജനതക്ക് സുഖമമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്നും എം എല്‍ എ പറഞ്ഞു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദിനേശന്‍ പാറയില്‍ അവതരിപ്പിച്ചു. സംസ്ഥാനതല വികസന റിപ്പോര്‍ട്ട് റിസോഴ്‌സ് പേഴ്‌സണ്‍ എം ബാബുരാജ് അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ എം എല്‍ എ ആദരിച്ചു.
ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും വികസന നിര്‍ദേശങ്ങളും സദസ്സില്‍ ചര്‍ച്ചാവിഷയങ്ങളായി. ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്‌സര്‍വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണം, പന്നി,കുരങ്ങ് ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം, സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ നഗരം സൗന്ദര്യവല്‍ക്കരണം നടത്തണം, പൊതു പരിപാടികള്‍ നടത്താനായി സ്ഥലം കണ്ടെത്തണം, ശവസംസ്‌കാരണത്തിന് വീടുകളില്‍ അനുമതി നിര്‍ത്തലാക്കണം, വയലുകള്‍ കൃഷി യോഗ്യമാക്കണം, കശുവണ്ടി സംസ്‌കരണ കേന്ദ്രം നിര്‍മിക്കണം, വയോജന പാര്‍ക്ക് നിര്‍മിക്കണം, പുറമ്പോക്ക് സ്ഥലങ്ങള്‍ വൃത്തിയാക്കി വിശ്രമത്തിനും മറ്റുമുള്ള സൗകര്യം ലഭ്യമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഓപ്പണ്‍ ഫോറത്തിന്റെ ഭാഗമായി. ശ്രീനിവാസന്‍ മാസ്റ്റര്‍ മോഡറേറ്റര്‍ ആയി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, സ്റ്റാന്റ്‌റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി ആശ, വി വിമല, പി.കെ രതീഷ്, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി രാജന്‍, എന്‍ മനോജ്, രമണി മിന്നി, സി നസീമ, മുന്‍ തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ ഷാജി, പി.പി സുഭാഷ്, മുരളീധരന്‍ കൈതേരി, രാഗേഷ് തില്ലങ്കേരി, പ്രദീപന്‍ പുത്തലത്ത്, കെ.വി അലി, ദേവദാസ് മൂര്‍ക്കോത്ത്, പ്രശാന്തന്‍ മുരിക്കോളി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്‌റ് സെക്രട്ടറി അജിത്ത് അലക്‌സ് എന്നിവര്‍ പങ്കെടുത്തു.