
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തവന്നൂർ ജയിലിലേക്ക് മാറ്റി. തലശേരി കോടതി പരിസരത്തെ മദ്യപാനം ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിൽ മാറ്റം. നേരത്തെ കൊടി സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പുറത്ത് സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും ജയിൽ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിൽ നിന്നാണ് കൊടി സുനിയെ തവന്നൂർ ജയിലിലേക്ക് മാറ്റിയത്. ടി.പി വധക്കേസിലെ മറ്റു പ്രതികൾ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. പരസ്യമദ്യപാനം പുറത്തായതിനെ തുടർന്ന് കൊടി സുനിയെ ജയിൽഉപദേശക സമിതി അംഗമായ സി.പി.എം നേതാവ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർ തള്ളിപ്പറഞ്ഞിരുന്നു. കൊടിയായാലും വടിയായാലും നിയമലംഘനം നടത്തിയാൽ നടപടിയെടുക്കുമെന്നായിരുന്നു പി.ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.