പൂനെ: പ്രാഡക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി ബോംബെ ഹൈകോടതി തള്ളി. കോലാപുരി ചെരുപ്പിൻറെ ഡിസൈനിന്റെ പകർപ്പ് സംബന്ധിച്ച പൊതുതാൽപ്പര്യ ഹരജിയാണ് ബോംബെ ഹൈകോടതി തള്ളിയത്. ഭൂമിശാസ്ത്രപരമായ സൂചന നിയമപ്രകാരം, ബാധിത കക്ഷികൾ പ്രത്യേകിച്ച് നിർമാതാക്കളുടെ അസോസിയേഷനുകൾ, അവരുടെ കേസ് വാദിക്കാൻ മുന്നോട്ട് വരണമെന്ന് കോടതി അറിയിച്ചു.
പ്രത്യേക ഡിസൈനിലുണ്ടാക്കുന്ന തുകൽ ചെരുപ്പുകളാണ് കോലാപുരി. കോലാപുരിലും പരിസര ജില്ലകളായ സാംഗ്ലി, സത്താറ, സോലാപുർ എന്നിവിടങ്ങളിലും ഇവ കൈകൊണ്ട് നിർമിക്കുന്ന ഒട്ടേറെ പരമ്പരാഗതകരകൗശല വിദഗ്ധരുണ്ട്. ഭൂമിശാസ്ത്രപരമായ സൂചനകൾ (ഗൂഡ്സ് രജിസ്ട്രേഷൻ ആൻഡ് പ്രൊട്ടക്ഷൻ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജി.ഐ ഉൽപ്പന്നമാണിത്. കോലാപുരി ചെരുപ്പുകൾ നിർമിക്കുന്ന കരകൗശല തൊഴിലാളികൾക്ക് ഇറ്റാലിയൻ ഫാഷൻ ഹൗസായ പ്രാഡ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് അഭിഭാഷകരാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ജി.ഐ ഉൽപ്പന്നത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമകളാണ് പരിഹാരം തേടേണ്ടതെന്ന് കോടതി അഭിഭാഷകരെ അറിയിച്ചു. എന്നിരുന്നാലും, മറ്റ് പല ജി.ഐ ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി നിർമാതാക്കളുടെ അസോസിയേഷനുകൾക്കല്ലാതെ കോലാപുരി ചെരുപ്പിന്റെ ജി.ഐ മഹാരാഷ്ട്രയിലെയും കർണാടകയിലെയും രണ്ട് സർക്കാർ ഏജൻസികൾക്കാണ് സംയുക്തമായി നൽകിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
മിലാനിൽ നടന്ന മെൻസ് സ്പ്രിം/സമ്മർ 2026 ഫാഷൻ ഷോയിൽ 'ടോ റിങ് സാൻഡൽസ്' പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളിൽ ഇടംപിടിച്ചത്. വർഷങ്ങളുടെ പാരമ്പര്യമുള്ള ചെരുപ്പിനെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ പ്രാഡ, പക്ഷേ അതിന്റെ വേരുകളിലേക്ക് ശ്രദ്ധ കൊടുക്കാത്തതാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം ഉയർത്തിയത്. പ്രാഡ പ്രൊമോട്ട് ചെയ്യുന്ന ചെരിപ്പുകളുടെ വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതൽ 2.10 ലക്ഷം വരെയാണ്. ഫാഷൻ വീക്കിൽ അവതരിപ്പിച്ച 56 ലുക്കുകളിൽ കുറഞ്ഞത് ഏഴെണ്ണത്തിലെങ്കിലും മോഡലുകൾ കോലാപുരി ചെരുപ്പ് ധരിച്ചിരുന്നു. എന്നാൽ ഇന്ത്യയെയോ ഇവിടുത്തെ കരകൗശല വിദഗ്ദ്ധരെയോ പ്രാഡ എവിടേയും പ്രതിപാദിച്ചിരുന്നില്ല. കോലാപ്പൂരി മോഡലുകൾ പുറത്തിറക്കിയിട്ട് അതിന്റെ ഉറവിടമായ ഇടത്തിന് ഒരു നന്ദി പറയാൻ പോലും പ്രാഡ തയ്യാറാവാത്തത് സെലിബ്രിറ്റികളെ അടക്കം ചൊടിപ്പിച്ചിരുന്നു.