+

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം, കരാര്‍ കമ്പനി ബിജെപി നേതാവുമായി അടുത്തബന്ധമുള്ളത്, കടുത്ത നടപടിയെടുക്കാന്‍ മടിച്ച് കേന്ദ്രസര്‍ക്കാര്‍

ദേശീയപാത 66-ന്റെ നിര്‍മാണത്തിനിടെ കൊല്ലത്ത് റിട്ടെയിനിംഗ് വാള്‍ തകര്‍ന്ന സംഭവം വിവാദമായിരിക്കുകയാണ്. സംസ്ഥാനത്തെ പലയിടത്തും ഇത്തരം വാളുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട് എന്നതിനാല്‍ ഇതിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നതാണ് കൊല്ലത്തെ തകര്‍ച്ച.

കൊല്ലം: ദേശീയപാത 66-ന്റെ നിര്‍മാണത്തിനിടെ കൊല്ലത്ത് റിട്ടെയിനിംഗ് വാള്‍ തകര്‍ന്ന സംഭവം വിവാദമായിരിക്കുകയാണ്. സംസ്ഥാനത്തെ പലയിടത്തും ഇത്തരം വാളുകള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട് എന്നതിനാല്‍ ഇതിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യമുയര്‍ത്തുന്നതാണ് കൊല്ലത്തെ തകര്‍ച്ച.

കടമ്പാട്ടുകോണം കൊല്ലം സ്‌റ്റ്രെച്ചിന്റെ 31.25 കിലോമീറ്റര്‍ ഭാഗത്ത് സംഭവിച്ച ഈ അപകടത്തില്‍ ഒരു സ്‌കൂള്‍ ബസ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങുകയും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. പ്രൊജക്ടിന്റെ പ്രധാന കരാറുകാരനായ ശിവാലയ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനെതിരെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ താത്കാലികമായി വിലക്കിയിട്ടുണ്ട്.

ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 1997-ല്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അടിസ്ഥാന സൗകര്യ നിര്‍മാണ പ്രോജക്ടുകള്‍ നിര്‍വഹിക്കുന്നു. കൊല്ലം പ്രോജക്ട് ശിവാലയ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് ആണ് ഏറ്റെടുത്തത്.

ശ്രീപാല്‍ അഗര്‍വാള്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍. പ്രദീപ് നന്ദാല്‍, സതീഷ് നന്ദാല്‍ എന്നിവര്‍ ഡയറക്ടര്‍മാരും. ഹരിയാനയിലെ രോഹ്തക്ക് ജില്ലയിലെ ഗര്‍ഹി സമ്പ്‌ലാ-കിലോയി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി നേതാവായ നന്ദാല്‍, 2019 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

കൊല്ലം ദേശീയപാത തകര്‍ച്ചയില്‍ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി നേതാവായതുകൊണ്ടുതന്നെ കമ്പനിക്കെതിരെ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ദേശീയപാത നിര്‍മാണത്തിലെ അഴിമതി ചര്‍ച്ചയായിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ചല്ലാതെ പണിയുന്ന പാത സമീപഭാവിയില്‍ തന്നെ പലയിടത്തും തകരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റി ശിവാലയ കണ്‍സ്ട്രക്ഷന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കൊല്ലം ആസ്ഥാനമായ സൂപ്പര്‍വൈസര്‍ കമ്പനിയായ ഫീഡ്ബാക്കിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൊല്ലം ബൈപാസ് മുതല്‍ കടമ്പാട്ടുകോണം വരെ ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിയാണ് ഹരിയാന ആസ്ഥാനമായ ശിവാലയ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നത്.

facebook twitter