ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ

09:45 AM Jan 18, 2025 | Kavya Ramachandran

തിരുവനന്തപുരം : കല്ലറയിൽ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പോലീസ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പാങ്ങോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ ഇയാളെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ആണ് രാജു.

മറ്റൊരു സംഭവത്തിൽ ഇടുക്കി വണ്ടിപ്പെരിയാൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.